ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ആദ്യ മത്സരം ജയിച്ചു. 200 റണ്‍സ് പിന്തുടർന്നു ജയിക്കുന്നത് ഇക്കാലത്ത് അത്ര വലിയ കാര്യമൊന്നുല്ല. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് കണക്കിലെടുക്കുന്പോൾ 200 എന്ന ലക്ഷ്യം തീർത്തും നിസാരം;
പ്രത്യേകിച്ച് ഇന്ത്യൻ പിച്ചുകളിൽ. എന്നാൽ, ഞായറാഴ്ച ജയിച്ച രീതി, അത് ഇന്ത്യയെ മറ്റു ടീമുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.പൊരിവെയിലിൽ, തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ്. വെള്ളക്കുപ്പിയും നനഞ്ഞ ടവലുമായി സപ്പോർട്ട് സ്റ്റാഫ് ഓവറുകൾക്കിടെ പാഞ്ഞുനടക്കുന്ന കാഴ്ച.
ഇന്ത്യൻ സ്പിന്നിനു മുന്നിൽ മുട്ടുമടക്കി കേവലം 199 റണ്‍സിൽ പുറത്താകുന്പോൾ, മുൻനിര ബാറ്റർമാർ മത്സരം ജയിപ്പിക്കുന്നത് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡെങ്കിലും കിനാവ് കണ്ടിരിക്കണം. എന്നാൽ, വെറും 12 പന്തിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും ഇന്ത്യൻ ടോപ് ഓർഡറിന്റെ അടിവേരിളക്കി.
ഓസ്ട്രേലിയ പോലും പ്രതീക്ഷിക്കാത്ത കൊടുങ്കാറ്റ്. 2/3 എന്ന പരിതാപകരമായ നിലയിലേക്ക് ആതിഥേയരെ അവർ അടിച്ചിരുത്തി. അപ്പോൾ ചെപ്പോക്കിലെ ഗാലറി സൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദം. എന്നാൽ, യഥാർഥ കളിയും കളിക്കാരും ശരിക്കും തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
ടെസ്റ്റ് ഇന്നിംഗ്സ്
മൂന്നാം നന്പറിൽ ബാറ്റിംഗിനിറങ്ങിയ, ഒരുപക്ഷേ അവസാന ലോകകപ്പ് കളിക്കുന്ന വിരാട് കോഹ്ലിയും മെല്ലെപ്പോക്കിന്റെയും ഫോമില്ലായ്മയുടെയും പേരിൽ ഏറെ പഴി കേൾക്കേണ്ടിവന്ന അഞ്ചാം നന്പറുകാരൻ കെ.എൽ.
രാഹുലും വളരെ ശ്രദ്ധയോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്; ഏറെക്കുറെ ടെസ്റ്റ് കളിക്കുന്ന രീതിയിൽ. വ്യക്തിഗത സ്കോർ 13ൽ നിൽക്കേ വിരാട് പുൾ ഷോട്ടിനു ശ്രമിച്ചതും മിച്ചൽ മാർഷ് ക്യാച്ച് നഷ്ടപ്പെടുത്തിയതും മാത്രമാണ് ഇതിനൊരപവാദം.
ഓസീസ് പേസർമാരെ കടന്നാക്രമിക്കാൻ ഇരുവരും ശ്രമിച്ചില്ല. പകരം ഒന്നും രണ്ടും കൂട്ടിച്ചേർത്ത് അവർ സ്കോറുയർത്തി. പവർപ്ലേയിൽ ഫീൽഡർമാർ തൊട്ടടുത്തു നിൽക്കുന്പോൾപോലും വിരാട് കുതിച്ചുപാഞ്ഞു. വിരാട് കോഹ്ലിക്കൊപ്പമെത്താൻ രാഹുൽ വളരെ കഷ്ടപ്പെട്ടു.
അർധസെഞ്ചുറി പൂർത്തിയാക്കിയപ്പോൾ വിരാടിന്റെ പേരിലുണ്ടായിരുന്നതു കേവലം മൂന്ന് ബൗണ്ടറികൾ മാത്രം. പലപ്പോഴും ഇന്ത്യ ലക്ഷ്യം പിന്തുടരുന്ന അവസരങ്ങളിൽ കോഹ്ലി ഒറ്റയ്ക്കാകുന്നത് പതിവുകാഴ്ചയാണ്.
എന്നാൽ, ഇക്കുറി കെ.എൽ. രാഹുൽ ഓസീസിന് ഒരവസരവും നൽകിയില്ല. കോഹ്ലിക്കൊപ്പം രാഹുൽ ടീം ഇന്ത്യയുടെ നങ്കൂരമുറപ്പിച്ചു. ജയമുറപ്പിച്ച് വിരാട് മടങ്ങിയപ്പോൾ രാഹുൽ കളി ഫിനിഷ് ചെയ്തു. രണ്ടു റണ്‍സിൽ ഒത്തുചേർന്ന കൂട്ടുകെട്ട് പിരിഞ്ഞത് ടീം സ്കോർ 167ൽ എത്തിയശേഷം.
സാംപാ താളമില്ലാതെ
സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റിൽ ആദം സാംപയിലായിരുന്നു ഓസീസ് പ്രതീക്ഷ. എന്നാൽ, കോഹ്ലി-രാഹുൽ കൂട്ടുകെട്ട് സാംപയെ തകർത്തു. ഇന്ത്യൻ സ്പിൻ ത്രയം (അശ്വിൻ-ജഡേജ-കുൽദീപ്) അരങ്ങുവാണ കളിയിൽ സാംപ എട്ട് ഓവറിൽ വഴങ്ങിയത് 53 റണ്‍സ്. അതും വിക്കറ്റില്ലാതെ. രണ്ടു ടീമുകളും തമ്മിലെ താരതമ്യത്തിൽ സ്പിന്നർമാരുടെ ഈ പ്രകടനം നിർണായകമായെന്നതിന് വേറെ തെളിവു വേണ്ട.
ബാറ്റിംഗിൽ മുൻനിര തകർന്നെങ്കിലും അധികം ആശങ്കയ്ക്കു വകയില്ല. തങ്ങളുടെ ദിവസങ്ങളിൽ എതിരാളികളെ ഒറ്റയ്ക്ക് തീർക്കാൻ കെൽപ്പുള്ളവരാണ് ഇന്നലെ പരാജയപ്പെട്ടവർ എന്നതുതന്നെ കാരണം.
അശ്വിനും ജഡേജയും കുൽദീപും അടങ്ങുന്ന സ്പിൻ പട ഉജ്വല ഫോമിന്റെ പ്രസ്താവനയിറക്കി. ജസ്പ്രീത് ബുംറ എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിന്റെ കുന്തമുനയായി കണക്കാക്കപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ആദ്യ സ്പെൽ ഒന്നുകൂടി അടിവരയിട്ടു. 2023 ഏകദിന ലോകകപ്പിൽ എതിരാളികൾക്ക് അപകടത്തിന്റെ വലിയ സൂചന ഇന്ത്യ നൽകിക്കഴിഞ്ഞു.