മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ടോസ് വീഴാൻ ഇനിയുള്ളത് 58 ദിനം.
ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് ഇന്നലെ ഓസ്ട്രേലിയ തുടക്കമിട്ടു. 15 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ലോകകപ്പിനു യോഗ്യത നേടിയ മറ്റു ടീമുകളൊന്നും തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. 2011നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്നത്.
2011നുശേഷം ഇന്ത്യ ഏകദിന ലോകപട്ടം സ്വന്തമാക്കുമോ എന്നതിനായാണു ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡിൽ ആരെല്ലാം ഉൾപ്പെടും എന്നതിനായും ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നു.
സെപ്റ്റംബർ 28 വരെ
2023 ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന്റെ അവസാന തീയതി സെപ്റ്റംബർ 28 ആണ്. അതിനുശേഷമുള്ള ടീം അംഗങ്ങളുടെ മാറ്റങ്ങൾക്ക് ഐസിസിയുടെ അനുമതി തേടണം. നിലവിൽ ഓസ്ട്രേലിയ മാത്രമാണ് 15 അംഗ ടീം ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നതെങ്കിലും വരുംദിനങ്ങളിൽ കൂടുതൽ ടീമുകൾ സ്ക്വാഡ് പ്രഖ്യാപനം നടത്തിയേക്കും.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവർ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടാനാണു സാധ്യത. ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ ബുംറയാണു ക്യാപ്റ്റൻ. കെ.എൽ. രാഹുൽ ഏഷ്യൻ ഗെയിംസ് ടീമിലൂടെ മടങ്ങിവരുമെന്നാണു സൂചന.
ഇന്ത്യൻ സ്ക്വാഡ്
സെപ്റ്റംബർ 28വരെ സമയമുള്ളതിനാൽ ഇന്ത്യ അന്നു മാത്രമായിരിക്കും 15 അംഗ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുക. ലോകകപ്പിനു മുന്‍പ് ഓസ്ട്രേലിയയുമായി മൂന്നു മത്സര ഏകദിന പരന്പര ഇന്ത്യ കളിക്കും.
സെപ്റ്റംബർ 22, 24, 27 തീയതികളിലാണിത്. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ലോകകപ്പിനുള്ള കളിക്കാരെ ഉൾപ്പെടുത്തി അവസാനവട്ട പരീക്ഷണം ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് നടത്താൻ സാധ്യതയുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയ്ക്കു മുന്‍പായി 2023 ഏഷ്യ കപ്പും ഇന്ത്യക്കു മുന്നിലുണ്ട്. സെപ്റ്റംബർ രണ്ടിനു പാക്കിസ്ഥാനെതിരേയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടും സൂപ്പർ ഫോറിൽ മൂന്നും എന്നിങ്ങനെ അഞ്ചു മത്സരങ്ങൾ ഏഷ്യ കപ്പ് ഫൈനലിനു മുന്‍പുണ്ട്.
ഫൈനൽ ഉൾപ്പെടെ ആറു മത്സരങ്ങളാണു പരമാവധിയുള്ളത്. ഏഷ്യകപ്പ് ഫൈനലിൽ കടന്നാൽ ഓസ്ട്രേലിയയ്ക്കെതിരായത് ഉൾപ്പെടെ ആകെ ഒന്‍പത് ഏകദന മത്സരങ്ങളാണു സെപ്റ്റംബർ 28നു മുന്‍പ് ഇന്ത്യക്കു കളിക്കേണ്ടിവരുക.
ഓസീസ് ടീമിൽ ഇന്ത്യൻ സംഘ
പാറ്റ് കമ്മിൻസ് നായകനായുള്ള 18 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ഇരുപത്തൊന്നുകാരനായ തൻവീർ സംഘയാണു ടീമിലെ സർപ്രൈസ് എൻട്രി. ജലന്ധർ വേരുകളുള്ള ഇന്ത്യൻ വംശജനാണ് ലെഗ് സ്പിന്നറായ തൻവീർ സംഘ. സംഘ ഓസ്ട്രേലിയൻ അവസാന 15 സംഘത്തിലുണ്ടാകുമോ എന്നതാണ് ഇനിയറിയേണ്ടത്.
സീൻ അബോട്ട്, ആഷ്ടണ്‍ ആഗർ, അലക്സ് കാരെ, നഥാൻ എല്ലിസ്, കാമറൂണ്‍ ഗ്രീൻ, ആരോണ്‍ ഹാർഡി, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇങ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിൻസ്, ഡേവിഡ് വാർണർ, ആദം സാംപ എന്നിവരാണു ടീമിലെ മറ്റ് അംഗങ്ങൾ.