കൊല്ലം: പ്രമുഖ ഓണ്‍ലൈൻ വ്യാപാര സൈറ്റായ ഒഎൽഎക്സിൽ പരസ്യം നൽകി മോഷണ മുതൽ വിൽപന നടത്തുന്ന സംഘം പിടിയിൽ. കഴിഞ്ഞ മാർച്ചിൽ ഒഎൽഎക്സിൽ ആപ്പിൾ ഐ ഫോണ്‍ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് കിളികൊല്ലൂർ സ്വദേശിയായ അമീൻ ഫോണ്‍ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് പരസ്യം നൽകിയ മുജീബ് അമീനുമായി ബന്ധപ്പെട്ട് 10000 രൂപക്ക് കച്ചവടമുറപ്പിച്ച് ഫോണ്‍ നൽകി.
മൊബൈൽ ഫോണിന്റെ ലോക്ക് ഓപ്പണ്‍ ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് അമീൻ ഫോണ്‍ ലോക്ക് മാറ്റുന്നതിന് വേണ്ടി ഫോണ്‍ നൽകിയ മുജീബുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമില്ലാതായി. തുടർന്ന് കിളികൊല്ലൂർ പോലീസിൽ പരാതി നൽകുകയും ഷാഡോ, സൈബർ പോലീസുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുജീബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുജീബിനെ ചോദ്യം ചെയ്തതിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മോഷ്ടിച്ച മൊബൈലുകളാണ് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതെന്നും സമാന രീതിയിൽ നിരവധി മൊബൈൽ ഫോണുകൾ കേരളത്തിൽ വിറ്റഴിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതിക്ക് അന്തർസംസ്ഥാന ബന്ധമുളളതായി വെളിവായിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ മേൽ നോട്ടത്തിൽ ഷാഡോ പോലീസ്, സൈബർ സെൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതി മുൻപ് വിറ്റഴിച്ച മൊബൈൽ ഫോണുകളെ പറ്റിയും സംഘാങ്ങളെ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തും. സമാനമായ ഓഎൽഎക്സ് അക്കൗണ്ടുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ നിരവധി പരാതികൾ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചിട്ടുണ്ട്.