ചേർത്തല: ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ തായ്വാൻ സ്വദേശികളെ പോലീസ് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.തായ്വാനിലെ തവോയുവാനിൽനിന്നുള്ള വാങ് ചുൻവെയ് (സുമോക- 26), ഷെൻ വെയ് ഹോ (ക്രിഷ്- 35) എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേര്‍ത്തല കോടതിയില്‍ എത്തിച്ചത്.
പ്രതികളെ 27 വരെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ ചേർത്തല മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഷെറിൻ കെ. ജോർജ് ഉത്തരവായി. ഈ കേസിലെ 10, 11 പ്രതികളാണിവർ. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായെങ്കിലും പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. ഷെയർ മാർക്കറ്റിലൂടെ വൻതോതിൽ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തല സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും 7.65 കോടി തട്ടിയ കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്.
ഇന്‍വെസ്കോ, കാപിറ്റല്‍, ഗോള്ഡിമാന്സ് സാക്സ് തുടങ്ങിയ കമ്പനികളുടെ അധികാരികളെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്.പണം തട്ടുന്നതിനുവേണ്ടി ഡോക്ടര്‍ക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്.
ഡോക്ടർ ദമ്പതിമാരുടെ നിക്ഷേപം കൂടിയതോടെ ലാഭവും ചേർത്ത് 39.72 കോടി നൽകാമെന്നും ദമ്പതിമാരുടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിൽ പണം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും അയച്ചു നൽകി. എന്നാൽ, 7.65 കോടി നൽകിയതിൽ 15 കോടി ആക്കി ഉയർത്തിയാൽ മാത്രമേ നിങ്ങൾക്ക് മുഴുവനും പണം ലഭിക്കുകയുള്ളൂ എന്നുപറഞ്ഞപ്പോഴാണ് ഡോക്ടര്‍ ദമ്പതികള്‍ക്ക് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ 2024 ജൂലൈ ഒന്നിന് മൂന്നുപേരെ പോലീസ് പിടികൂടി. കോഴിക്കോട് ഓമശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കൊടുവള്ളി കെടേകുന്നുമ്മേല് കുന്നമ്മേല്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് കോര്പറേഷന് ചൊവ്വായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുള്‍ സമദ് (39) എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍നിന്നു 20 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി.അഞ്ചു കോടിക്ക് മുകളിലുള്ള കേസായതുകൊണ്ട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടക്കുന്നതിനിടെ അഹമ്മദാബാദ് സബർമതി ജയിലിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിൽ എത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചേര്‍ത്തല കോടതിയിൽ എത്തിച്ച് വൈകിട്ട് നാലോടെ പ്രതികളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.