കൊച്ചി: വില സെഞ്ചുറിയടിച്ചതോടെ ഉള്ളി വിപണി കുത്തനെ ഇടിഞ്ഞു. പച്ചക്കറി വിലയില്‍ വലിയകയറ്റമുണ്ടായില്ലെങ്കിലും 100-110 വരെയാണ് ചില്ലറ വില്പനയില് ഉള്ളിയുടെ വിലയുയര്‍ന്നിരിക്കുന്നത്. ഹോള്‍സെയില്‍ വിപണിയിലും 100 രൂപവരെ ഉയര്‍ന്നു റിക്കാര്‍ഡ് വിലയായിരിക്കുകയാണ്. വലിയ വിലക്കയറ്റം ഉണ്ടായ ശേഷം ഉള്ളിയുടെ വില കഴിഞ്ഞ വര്‍ഷം 30ലേക്കെത്തിയിരുന്നു.
കഴിഞ്ഞ മാസം ഉത്സവ സീസണില്‍ പോലും ഉള്ളിയുടെ മൊത്ത വില 65 രൂപയായിരുന്നു. വരള്‍ച്ചയും വിളവ് കാര്യമായി ലഭിക്കാത്തതുമാണ് വില വര്‍ധനയ്ക്ക് ഇടയാക്കിയത്. ഉള്ളിയെ കൂടാതെ, പാവയ്ക്ക, ചേന, ബീന്‍സ്, കൂര്‍ക്ക തുടങ്ങിയവയാണ് വിലയുയര്ന്നിരിക്കുന്ന മറ്റു പച്ചക്കറികള്‍. 90-95 രൂപയാണ് ചില്ലറ വില്പനയില് കൂര്‍ക്കയുടെ വില ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ 60 രൂപയായിരുന്നു വില.
ക്യാരറ്റ് വില കഴിഞ്ഞ മാസത്തില്‍നിന്നു കുറഞ്ഞെങ്കിലും മൊത്ത വിപണിയില്‍ 60 രൂപയില്‍ താഴെയായിട്ടില്ല. ചില്ലറ വില 70-75 രൂപയുമാണ്. ബീന്‍സിന്റെ വിലയും 85നു മുകളിലാണ്. പാവയ്ക്കയുടെ വിലയാണ് കുറയാതെയും കൂടാതെയും നില്‍ക്കുന്നത്. രണ്ടു മാസം മുന്‍പ് 40 രൂപ മാത്രമുണ്ടായിരുന്ന പാവയ്ക്ക ഏപ്രില്‍ വില 60 ആയി ഉയര്‍ന്ന ശേഷം പിന്നീട് താഴെ പോയിട്ടില്ല. ചില്ലറ വിപണിയില്‍ 65 മുതല്‍ 70 വരെ വിലയുയരുന്നുമുണ്ട്.
ഉള്ളി ചതിച്ചെങ്കിലും സവാളയുടെ വിലയാണ് ആശ്വാസം നല്കുന്നതെന്നു വീട്ടമ്മയായ ലക്ഷ്മി പറയുന്നു. ഇത്രയും വിലകൊടുത്ത ഉള്ളി വാങ്ങിയാല്‍ കുടുംബ ബജറ്റിന്റെ താളം തെറ്റുമെന്നും അവര്‍ പറഞ്ഞു. 18-20 രൂപ വരെയാണ് സവാളയുടെ വില. തക്കാളി 25-30, കാബേജ് 40-45, അച്ചിങ്ങപയര്‍ 40-45 എന്നിങ്ങനെയാണ് മറ്റു പച്ചക്കറി ഇനങ്ങളുടെ വില.
വില ഉയരുന്നതോടെ പച്ചക്കറി വില്പനയില് വലിയ കുറവാണ് ഉണ്ടാകുന്നതെന്ന് എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന നൗഷാദ് പറഞ്ഞു. ദിവസവും ചാക്കുകണക്കിനു ഉള്ളി വില്പന നടന്നിരുന്നപ്പോള്‍ ഇപ്പോള്‍ ഒരു ചാക്കു പോലും വിറ്റുപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.