കൊച്ചി: ആഴച്കള്ക്കുശേഷം സവോളവില അന്‍പതു രൂപയില്‍ താഴെയെത്തി. എറണാകുളം മാര്‍ക്കറ്റില്‍ 45 രൂപയ്ക്കാണു ചില്ലറ വില്പന. ഇതില്‍നിന്നും മൂന്നു മുതല്‍ നാലുരൂപവരെ കുറച്ചാണു ഹോള്‍സെയില്‍ വ്യാപാരം നടക്കുന്നത്.
ഒരുവേള സെഞ്ച്വറിയടിക്കാന്‍ കുതിച്ച സവോള വിലയാണ് ഇപ്പോള്‍ കിതക്കുന്നത്. നേരത്തേ കിലോ വില എണ്പതു രൂപയിലേക്ക് ഉയര്‍ന്നതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളുടെ ഭാഗമായാണു വില പിടിച്ചുനിര്‍ത്താനായത്.
നിലവില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടു കിലോ സവോള നൂറു രൂപയ്ക്കു ലഭ്യമാണ്. വരും ദിവസങ്ങളില്‍ വീണ്ടും വിലയിടിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍.
എന്നാല്‍, ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ലോഡ് മുടങ്ങിയാല്‍ വില വര്‍ധനവിനും കാരണമായേക്കും.
അതേസമയം, ചെറിയ ഉള്ളിവില വലിയ മാറ്റമില്ലാതെ തുടരുകയാണ്. 80 രൂപയാണു എറണാകുളം മാര്‍ക്കറ്റിലെ റീട്ടെയ്ല്‍ വില. 50 മുതല്‍ 60 രൂപയ്ക്കുവരെയും ഉള്ളി ലഭ്യമാണ്.
അതിനിടെ, പച്ചക്കറി വില മിക്കയിനങ്ങള്‍ക്കും കിലോയ്ക്ക് 20 രൂപയായി. ആവശ്യക്കാരില്ലാത്തതാണു വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.