ഉള്ളി വിറ്റുകിട്ടിയ തുച്ഛമായ തുക, പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച കര്‍ഷകന് മോദിയുടെ ഓഫീസില്‍ നിന്ന് കത്ത്. തുക മണിയോര്‍ഡറായി സ്വീകരിക്കില്ലെന്നും ഓണ്‍ലൈനായി അയയ്ക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. ഉള്ളിക്ക് ന്യായവില ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകന്‍ തുക നല്‍കിയത്.
നാസികിലെ ഉള്ളിക്കര്‍ഷകനായ സഞ്ജയ് സേതാണ് ഉളളി വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് 750 കിലോ ഉള്ളിക്ക് ലഭിച്ച 1064 രൂപ സേത് പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തത്. ആ പണം ഓണ്‍ലൈനായി അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മണിഓര്‍ഡര്‍ തിരിച്ചയച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
കത്ത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സഞ്ജയ് സേത്. 750 കിലോ ഉള്ളിയുമായി ചന്തയിലെത്തിയ സേതിന് കിലോയ്ക്ക് ഒരു രൂപ നാല്‍പത്തൊന്ന് പൈസയാണ് ലഭിച്ചത്. 750 കിലോ ഉള്ളിക്ക് ആകെ ലഭിച്ചത് 1064 രൂപ. നിരാശനായ സേത് 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു. മണിയോര്‍ഡര്‍ അയയ്ക്കാന്‍ 54 രൂപയാണ് ചെലവായത്.
യാതൊരു വിധത്തിലുള്ള രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയല്ല താനിങ്ങനെ ചെയ്തതെന്ന് സജ്ഞയ് സേത് പറയുന്നു. ഉള്ളിക്കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരിച്ചറിയണമെന്നാണ് ആഗ്രഹിച്ചത്. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഉദാസീനതയില്‍ താന്‍ രോഷാകുലനാണെന്നും സേത് വ്യക്തമാക്കിയിരുന്നു.