സ്വന്തം ലേഖകൻ
തൃശൂർ: ഒരുമാസത്തിനിടെ ഉള്ളിയുടെയും സബോളയുടെയും വിലയിൽ ഉണ്ടായത് നൂറു ശതമാനത്തിലധികം വർധന. ഉള്ളി കിലോയ്ക്ക് 170ഉം സബോളയ്ക്ക് 54ലും രൂപയുമാണ് ഇന്നുരാവിലെ ശക്തൻ മാർക്കറ്റിലെ മൊത്തവിപണി വില. ചില്ലറ വിപണിയിൽ വരുന്പോൾ വില പിന്നെയും കൂടും. കാരറ്റിനും വില കുതിച്ചുകയറുന്നു. ഒരു മാസം മുന്പ് കിലോ 30 രൂപയ്ക്ക് വിറ്റിരുന്ന കാരറ്റ് ഇന്നുവിൽക്കുന്നത് 90 രൂപയ്ക്ക്.
ഒരു മാസം മുന്പ് 80-90 രൂപയുണ്ടായിരുന്ന നിലയിൽ നിന്നാണ് ഉള്ളിവില ഇരുന്നൂറിലേക്ക് അടുക്കുന്നത്. സബോള 15 രൂപ വരെ വിലയിലാണ് വിറ്റിരുന്നത്. അന്യസംസ്ഥാന ലോബികളുടെ ഇടപെടലാണ് സബോള വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും മറ്റ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും സബോള വരുന്നത്.
ഇവിടങ്ങളിൽ ഉൽപാദനം കുറഞ്ഞാൽ അത് വിലയെ കാര്യമായി ബാധിക്കും. ഈ അവസരം മുതലെടുത്ത് സബോള വ്യാപാരികളിലെത്തിക്കാതെ പൂഴ്ത്തിവെയ്ക്കുന്ന ലോബിയാണ് വില കുതിച്ചുയരാൻ കാരണമാകുന്നതെന്ന് ശക്തൻ മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരി ദിനേശൻ രാഷ്ട്രദീപികിയോട് പറഞ്ഞു. സബോള വില 100 രൂപയിൽ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. സമാന സഹാചര്യത്തിൽ രണ്ടു വർഷം മുന്പ് വില നൂറ് കടന്നിരുന്നു.
തമിഴ്നാട്ടിലും ആന്ധ്രയിലും കൃഷി കുറഞ്ഞതാണ് ഉള്ളിവിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ സീസണിൽ വിലക്കുറവായതിനാൽ ഉള്ളിക്കുപകരം വേറെ പച്ചക്കറികളാണ് കർഷകർ കൂടുതലായും കൃഷി ചെയ്തത്. അതുകൊണ്ടുതന്നെ ഡിമാൻഡിന്റെ മൂന്നിലൊന്ന് ഉള്ളിപോലും കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
വിവാഹ സീസണ് വരുന്നതോടെ ഡിമാൻഡ് വർധിക്കുന്ന ഉള്ളിയുടെയും സബോളയുടെയും വിലകൾ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം ഉള്ളിക്കും സബോളയ്ക്കും കാരറ്റിനുമൊഴിച്ചാൽ മറ്റ് പച്ചക്കറിയിനങ്ങൾക്കൊന്നും വിലക്കയറ്റമുണ്ടായിട്ടില്ല. മാത്രമല്ല നേന്ത്രക്കായയും പയറും ഉൾപ്പെടെയുള്ള പച്ചക്കറികൾ സമീപകാലത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് വിൽക്കുന്നത്.
നേന്ത്രക്കായ്ക്ക് 28ഉം പച്ചപ്പയറിന് പന്ത്രണ്ടുമാണ് ഇന്നത്തെ മൊത്തവിപണി വില. ഉരുളക്കിഴങ്ങിന് നേരിയ വിലവർധനവ് ഉണ്ടായിട്ടുണ്ട്-കിലോ 30 രൂപ. മത്തങ്ങ എട്ട്, ചേന 16, കുന്പളം 10, വെണ്ടക്കായ 10 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വിലകൾ. ചില്ലറ വിപണിയിലെത്തുന്പോൾ ഓരോന്നിനും അഞ്ചു രൂപ മുതൽ പത്തു രൂപ വരെ വില വർധിക്കും.