കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴു ദിവസംകൊണ്ട് സവാളവിലയിൽ പത്തുരൂപയുടെ വർധനവാണ് ഉണ്ടായത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. ചിലയിടങ്ങിൽ 44 രൂപയാണ് ചില്ലറ വില്പന.
സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണു വില കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് സമയത്ത് സവാള വില ഉയരാതിരിക്കാൻ സവാളയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അടുത്തിടെ ഈ നിരോധനം നീക്കിയിരുന്നു. കയറ്റുമതി കൂടിയതോടെ വിപണിയിൽ വില ഉയരാൻ തുടങ്ങി.
തമിഴ്നാട്, കര്‍ണാടകയില്‍നിന്നാണു കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. തമിഴ്നാട്ടിൽ കനത്ത മഴ കാരണം കൃഷി നശിച്ചതുമൂലം മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ സവോള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ച മൂലം ഉത്പാദനം വേണ്ടത്രയില്ല. ഇതും വിലക്കയറ്റത്തിനു കാരണമായി.
മഴ കനക്കുന്നതോടെ സവാളയുടെ വരവ് വീണ്ടും കുറയും. ബക്രീദ് അടക്കമുള്ള ആഘോഷങ്ങള്‍ അടുത്തിരിക്കെ വില ഉയര്‍ന്നതോടെ കുടുംബജറ്റ് താളം തെറ്റാനാണു സാധ്യത.
സ്വന്തം ലേഖകൻ