ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ കള്ളന്മാരും അടങ്ങിയിരിക്കുന്നില്ല. 102 ചാക്ക് ഉള്ളിയാണ് ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആയുധധാരികളുടെ സംഘം കവര്‍ന്നെടുത്തത്.ബിഹാറിലെ കയ്മൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് ആയുധ ധാരികള്‍ തടഞ്ഞത്. തുടര്‍ന്ന് ഡ്രൈവറെ കെട്ടിയിട്ട ശേഷം ഉള്ളി ചാക്കുകള്‍ കടത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അക്രമികള്‍ ബന്ധിയാക്കിയ ട്രക്ക് ഡ്രൈവറെ പുലര്‍ച്ചെ രണ്ടിനാണ് മോചിപ്പിച്ചത്. യുപിയിലെ കൗഷംബി ജില്ലക്കാരനായ ദേശ് രാജ് എന്ന യുവാവാണ് ട്രക്ക് ഡ്രൈവര്‍. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.