കാസര്‍ഗോഡ്: അമിത ഫീസ് നല്‍കാത്തതിന് 300 വിദ്യാര്‍ഥികൾക്ക് ഓൺലൈൻ ക്ലാസ് നിഷേധിച്ചതായി പരാതി. കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് 300ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയത്.
കോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈ സമയത്ത് ട്യൂഷന് ഫീസിന് പുറമെ ലാബ് ഫീ പോലുള്ള മറ്റു പലതരം ഫീസുകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി.
ബാലാവകാശ കമ്മീഷന് പറഞ്ഞിട്ടുള്ള ട്യൂഷന് ഫീസുകളില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനം എങ്കിലും ഇളവ് നല്‍കണമെന്നാണ്. അതുപോലും വകവയ്ക്കാതെ മുഴുവന്‍ ഫീസും നല്‍കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്.
സ്കൂള്‍ മാനേജ്മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടി പിന്‍വലിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്നും അല്ലാത്ത പക്ഷം വിദ്യാർഥി സംഘടനകളെയും യുവജന സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സഹകരിപ്പിച്ച് ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് കാസര്‍ഗോഡ് നഗരസഭ ഹാളില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ കൂട്ടായ്മയുടെ യോഗം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ആര്. വിജിത്ത് അധ്യക്ഷത വഹിച്ചു. അതേസമയം ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജൂണിലെ ആദ്യ ടേം ഫീസ് അടയ്ക്കണമെന്ന നിബന്ധന മാത്രമേ മുന്നോട്ടു വച്ചിട്ടുള്ളുവെന്നും മറ്റ് എല്ലാ തരത്തിലുള്ള ഫീസിളവും നല്‍കിയിട്ടുണ്ടെന്നും ചിന്മയ സ്ക്കൂള് പ്രിന്‍സിപ്പൽ പറഞ്ഞു.
ഫീസിന്റെ കാര്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.