
തിരുവനന്തപുരം: മദ്യം വാങ്ങാൻ ഒരേസമയം അഞ്ചു പേരെ മാത്രമേ മദ്യവില്പന ഔട്ട്ലെറ്റുകളിലും ബാറുകളിലും പ്രവേശിപ്പിക്കേണ്ടതുള്ളുവെന്നു നിർദേശം.
ഒരിക്കൽ മദ്യം വാങ്ങിയാൽ പിന്നീടു നാലു ദിവസം കഴിഞ്ഞു മാത്രമേ വാങ്ങാൻ അനുമതിയുള്ളൂ. ഇ ടോക്കണ്‍, എസ്എംഎസ് സംവിധാനങ്ങള്‍ വഴിയാണ് ക്യൂ നിയന്ത്രിക്കുക. സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ് വഴി മദ്യംവാങ്ങാന്‍ ടോക്കണ്‍ എടുക്കാം.
സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്എംഎസ് വഴി ടോക്കണ്‍ ലഭിക്കും. ടോക്കണില്‍ നിര്‍ദേശിക്കുന്ന സമയത്തു മദ്യവില്‍പ്പന കേന്ദ്രത്തില്‍ എത്തി പണമടച്ചു മദ്യം വാങ്ങാമെന്നും ഓണ്‍ലൈന്‍ ക്യൂ വഴി മദ്യവില്‍പ്പനയ്ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നു.
ടോക്കണിന്റെ സാധുത പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഇത് ഉറപ്പുവരുത്തിയശേഷം മദ്യം നല്‍കും.
മൊബൈല്‍ ആപ്പിനു ഗൂഗിളിന്റെ അനുമതി ലഭിച്ചാലുടന്‍ മദ്യവില്‍പ്പന ആരംഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിക്കണം. രാവിലെ ഒൻപതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മദ്യവില്‍പ്പന. ജീവനക്കാര്‍ക്ക് ഗ്ലൗസ്, മാസ്ക് എന്നിവ നല്‍കും.
മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകുന്നതു തടയാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. ബിവറേജസ് കോര്പറേഷന് എംഡിയുടെ നിര്‍ദേശങ്ങള്‍ ബാര്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമാണ്.
മദ്യം കുപ്പിയോടെ മാത്രമേ വില്‍ക്കാവൂ. ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന വില ബാറുകള്‍ക്കും ബാധകമാണെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം, ബെവ് ക്യൂ ആപ്പ് സ്വകാര്യ കമ്പനിക്കു നൽകിയതിൽ അഴിമതിയുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണിലെ വിവരങ്ങൾ ചോരുമോയെന്ന സംശയം ഗൂഗിൾ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മദ്യം വാങ്ങാനുള്ള ആപ്പിന് അനുമതി വൈകുന്നത്.