കണ്ണൂർ: ബാങ്ക് അക്കൗണ്ടിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ സെൻട്രൽ ജയിലിലെ വീവിംഗ് ഇൻസ്പെക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
വീവിംഗ് ഇൻസ്പെക്ടർ പന്ന്യന്നൂരിലെ വിനോദ് കുമാറിന്റെ പണമാണ് നഷ്ടമായത്.
കണ്ണൂർ സൗത്ത് ബസാറിലെ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് വിവിധ ദിവസങ്ങളിലായി 6,13,000 രൂപ തട്ടിയെടുത്തത്. വീടു പണിയാൻ ഭവന നിർമാണ ലോൺ എടുത്ത ശേഷം അക്കൗണ്ടിൽ നിക്ഷേപിച്ചതായിരുന്നു.
ലോൺ എടുത്ത തുകയാണ് നഷ്ടമായത്. വിനോദ് കുമാറിന്റെ മകൻ നിരവധി ഓൺലൈൻ ഗെയിം കളിക്കുന്നയാളാണെന്ന് പോലീസ് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി ഫ്രീ ഫയർ ഓൺ ഗെയിമിൽ എൻട്രി ലെവലിൽ എത്തിയപ്പോൾ പണം അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ നടത്തിയതായി പറയുന്നു.
അതിനു ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും വിവിധ സമയങ്ങളിലായി പണം നഷ്ടമായത്. വിനോദ് കുമാറിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടുന്ന പുതീയ തട്ടിപ്പു സംഘം സജീവമായതായി പോലീസിനു മനസിലായിട്ടുണ്ട്.വിവിധ ഘട്ടങ്ങളിൽ അക്കൗണ്ടിൽ നിന്നും ചെറിയ തുകകൾ പിൻവലിക്കുകയെന്നതാണ് തട്ടിപ്പിന്റെ പുതീയ രീതി.
ഓൺ ലൈൻ ഗെയിമിൽ കളിച്ച് പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും തുറന്നു പറയുന്നില്ലെന്നും കുട്ടികളെ ഇത്തരം ഗെയിമിൽ നിന്നും പിന്തിരിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്നും പോലീസ് പറയുന്നു.