പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ “ചിരി’ എന്ന പേരില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ്.
രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ഇതേവരെ സംസ്ഥാനത്ത് 66 കുട്ടികള്‍ പലവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയതായി ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനൊരു പരിഹാരമായി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഐജി പി. വിജയന്റെ ആശയത്തില്‍ നിന്നും ആവിഷ്കരിച്ച് എസ്പിസി പദ്ധതിയുടെ നേതൃത്വത്തിലാണ് “ചിരി ‘ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംസ്ഥാനത്തു നടപ്പാക്കുന്നത്.
19 പോലീസ് ജില്ലകളില്‍ ഓരോന്നില്‍ നിന്നും തെരഞ്ഞെടുത്ത 15 കേഡറ്റുകള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. 9497900200 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് ഇതിലേക്ക് വിളിക്കാം.
മറ്റ് കൗണ്‍സലിംഗുകളില്‍ നിന്നും വ്യത്യസ്തമായി, നിസാരമായ കാര്യങ്ങള്‍ക്ക് വരെ കുട്ടികള്‍ക്ക് ഈ നമ്പരില്‍ വിളിക്കാവുന്നതും സരസവും ആകര്‍ഷകവുമായ മറുപടികളിലൂടെ ഒറ്റപ്പെടലുകളില്‍ നിന്നും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാവുന്നതും വിരസത അകറ്റാവുന്നതുമാണ്. കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ഈ സേവനം ലഭ്യമാണ്. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായം ലഭിക്കും.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ ഈ സേവനങ്ങള്‍ക്കായി വിളിക്കാം. ജില്ലയില്‍ എസ്പിസി നോഡല്‍ ഓഫീസര്‍ ആര്.പ്രദീപ്കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജി.സുരേഷ് കുമാര്‍, അധ്യാപകരായ ഫിലിപ്പ് ജോര്‍ജ്, സുസ്മിത പ്രമോദ്, മഞ്ചു ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.