സ്വന്തം ലേഖകന്‍
കോഴിക്കോട്: മാംഗോ ടാക്സിയെ ഓടിച്ചവഴിയേ മറ്റു ഓണ്‍ ലൈന്‍ ടാക്സികളെയും നഗരത്തില്‍ കാലുറപ്പിക്കാതിരിക്കാന്‍ ഒരുവിഭാഗം ഓട്ടോ- ടാക്സി ഡ്രൈവര്‍മാര്‍ പണിതുടങ്ങി. കുറഞ്ഞനിരക്കില്‍ ഓണ്‍ ലൈന്‍ ടാക്സികള്‍ സര്‍വീസ് നടത്തുന്നു എന്നതാണ് ഇവര്‍ക്കുമേല്‍ പലരും കണ്ടെത്തിയിരിക്കുന്ന കുറ്റം.
ഓണ്‍ ലൈന്‍ ടാക്സികളെ തടയുകയും ടയറുകളുടെ കാറ്റഴിച്ചുവിടുകയും ചെയ്ത് നേരത്തെ തന്നെ ഓണ്‍ ലൈന്‍ ടാക്സികള്‍ക്കെതിരേ ഒരുവിഭാഗം പടപ്പുറപ്പാട് നടത്തിയിരുന്നു. ഒടുവില്‍ മാഗോ കാബ്സ് ഓഫീസും പൂട്ടി സ്ഥലം വിട്ടു. ഇപ്പോള്‍ കൊച്ചിയില്‍ മാ്രതം സര്‍വീസ് നടത്തുന്നു. കോഴിക്കോടെന്ന് കേള്‍ക്കുമ്പോഴേ ഇവര്‍ക്ക് ഇപ്പോള്‍ േപടിയാണ്.
രണ്ടാം തവണയും ഇവിടെ ഓഫീസ് തുറക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഇപ്പോള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നത് ഒലൈ ടാക്സിക്കാര്‍ മാത്രമാണ്. ഇതും നാമമാത്രം. ഭൂരിഭാഗം വരുന്ന ഓട്ടോ- ടാക്സി ഡൈവര്മാര്ക്കൊപ്പമാണ് ജില്ലാഭരണകൂടവും പോലീസും. മിന്നല്‍ പണിമുടക്ക് എന്ന ആയുധം അവര്‍ക്കുണ്ട് താനും.
കഴിഞ്ഞവര്‍ഷം ജൂലായ് 16 രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കോഴിക്കോട് നഗരത്തില്‍ ഓട്ടോ-ടാക്സി തൊഴിലാളികളുടെ പണിമുടക്ക് നടത്തിയിരുന്നു. മാംഗോ കാബ്സിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തി. ഇന്നലെ അത് മറ്റു ഓണ്‍ ലൈന്‍ ടാക്സികള്ക്കെതിരേയായി എന്നുമാത്രം. ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം ഉള്ള സംഗതിയാണ് ഓണ്‍ലൈന്‍ ടാക്സികള്‍ . കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും സര്‍വീസ് നടത്തുന്നുണ്ട്. അതിനിടെയാണ് കോഴിക്കോട്ടെ സമരം.
രാജ്യത്തെ മിക്ക നഗരങ്ങളിലും ഓട്ടോ, ടാക്സി തൊഴിലാളികള്‍ നടത്തുന്നത് ശരിയ്ക്കും പകല്‍ കൊള്ളയാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാരെ കുറിച്ച് അങ്ങനെ ഒരു ചീത്തപ്പേര് ഇല്ല എന്നത് സത്യം തന്നെ. പക്ഷേ ഓണ്‍ലൈന്‍ ടാക്സികള്‍ വന്നതിന് ശേഷമാണ് വന്‍ നഗരങ്ങളിലെ ഓട്ടോ-ടാക്സി തൊഴിലാളികളുടെ പകല്‍ക്കൊള്ള അവസാനിച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പരമാധവി 120 രൂപയാണ് ഓണ്‍ ലൈന്‍ ടാക്സിക്കാറ വാങ്ങുന്നത്. മറ്റു ടാക്സികള്‍ 300 രൂപ വരെ വാങ്ങുന്നു. കുറഞ്ഞ നിരക്കില്‍ യാ്രതചെയ്യാനുള്ള ആളുകളുടെ അവകാശത്തിനുമേല്‍ കത്തിവയ്ക്കുകയാണ് ഒരു വിഭാഗം ഓട്ടോക്കാരും ടാക്സികളും.
തൊഴില്‍ നഷ്ടമാകും എന്ന വാദവും മറ്റ് നഗരങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ അംഗീകരിക്കാനാവില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. പലയിടത്തും നിലവിലെ ഓട്ടോകളും ടാക്സികളും തന്നെയാണ് ഓണ്‍ലൈന്‍ കമ്പനികളും ഉപയോഗിക്കുന്നത്. യാത്രക്കാരന് ഏറ്റവും സൗകര്യപ്രദമാണ് എന്നതാണ് ഓണ്‍ലൈന്‍ ടാക്സികളുടെ പ്രത്യേകത. ചാര്‍ജ്ജ് കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഓണ്‍ലൈന്‍ ടാക്സികള്‍ ഇടവരുത്താറുംഇല്ല.
ബഹുരാഷ്ട്ര കുത്തകക്കമ്പനിയായ യൂബര്‍ ടാക്സിക്കും ഒലെ കാബിനും റെയില്‍വേ സ്റ്റേഷനില്‍ കൗണ്ടര്‍ സ്ഥാപിക്കാന്‍ അനുവാദം നല്കിയ റെയില്‍വേ അധികൃതരുടെ നടപടി പിന്‍വലിക്കണമെന്ന ഉറച്ചനിലപാടിലാണ് കോഴിക്കോട്ടെ യൂണിയനുകള്‍ .