ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽനിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവിൽനിന്നും എറണാകുളം റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പിടികൂടി.
കോൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തിൽനിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയിൽ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്.
ഇതിൽ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽനിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്ന ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് രാഷ്ട്രദീപികയോട് പറഞ്ഞു. തൃശൂരിൽ മൂന്നു പേരുടെ അക്കൗണ്ടുകളിൽ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.
തട്ടിപ്പ് ഇങ്ങനെ
ഓൺ ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽ നിന്നും യൂസർ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒടിപി നമ്പർ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇതിനായി സംഘത്തിലെ ഒരാൾ കേരളത്തിൽവന്ന് വ്യാജ ആധാർ കാർഡും, വോട്ടേഴ്സ് ഐഡിയും നിർമിച്ച് വിവിധ മൊബൈൽ കമ്പനികളിൽനിന്നും അക്കൗണ്ടുകാരുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും.
അതിനു ശേഷം ഈ സിമ്മിലേക്ക് ഒടിപി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുകയാണ് ചെയ്യുന്നത്. യഥാർഥ ഉടമ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽ നിന്നും വരുന്ന മെസേജ് അറിയുകയുമില്ല.
അഞ്ച് ദിവസം; 85 ലക്ഷം പോയി
മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബിഎസ്എൻഎല്ലിന്റെ രണ്ട് ഓഫീസുകൾ വഴിയാണ് വാങ്ങിയത്. അഞ്ച്ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിൻവലിച്ചിരിക്കുന്നത്. പണം പോയിരിക്കുന്നത് കോൽക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടിലേക്കും.
തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽനിന്നും പണം എടുത്തത് ആലുവയിലെ മൊബൈൽ ഓഫീസിൽ നിന്നും കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ്.
ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘം ബംഗളൂരുവിൽ വലിയൊരു ഓപ്പറേഷന് തയാറെടുക്കുകയായിരുന്നു. കേരളത്തിൽ കൂടുതൽ പേരുടെ പണം ഇത്തരത്തിൽ തട്ടിപ്പു സംഘം കരസ്ഥമാക്കിയെന്നാണ് സൂചന.
സൈബർ സിഐ കെ.ജി. ഗോപകുമാറിനാണ് അന്വേഷണത്തിന്റെ കൂടുതൽ ചുമതല നൽകിയിരിക്കുന്നത്.