സ്വന്തം ലേഖകന്‍
കോഴിക്കോട്: നിങ്ങള്‍ ഒരു പാട് സുഹൃത്തുക്കള്‍ ഉള്ള ആളാണോ… സോഷ്യല്‍ മീഡിയയില്‍ സജീവമാണോ… ആയിരത്തിന് പുറത്ത് സുഹൃത്തുക്കളുണ്ടോ…
നിങ്ങളുടെ പേരില്‍ പണം കടം ചോദിക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ റെഡി. വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടല്‍.
ജഡ്ജിമാർ, കോളജ് പ്രിന്‍സിപ്പല്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതരുടെ പേരിലാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നത്. എന്നിട്ട് പണം കടം ചോദിക്കും.
അടുത്തിടെ ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ സമാന തട്ടിപ്പു നടത്തിയ നൈജീരിയന്‍സംഘം ഡല്‍ഹിയില്‍ പിടിയിലായിരുന്നു. കൊല്ലത്തുള്ള അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്.
ഇപ്പോള്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ട്.
ചാറ്റുകള്‍ മനസിലാക്കുന്നതിനും വിശേഷങ്ങള്‍ പങ്കുവച്ച് കെണിയില്‍ വീഴ്ത്തുന്നതിനും ദ്വിഭാഷികള് തട്ടിപ്പു സംഘങ്ങള്‍ക്കൊപ്പമുണ്ട്.
ഇതിനാല്‍ തന്നെ ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ സൗഹൃദബന്ധങ്ങളുള്ളവരെ കണ്ടെത്തുക എന്നതാണ് ഇവരുടെ ‘ജോലി’
കോഴിക്കോട് ജില്ലയില്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍, ഐഐഎം ഡയറക്ടര്‍ എന്നിവരുടെ ഫോട്ടോ ഡിപിയാക്കി ചാറ്റ് ചെയ്ത് സഹ പ്രവര്‍ത്തകരില്‍ നിന്നും പണം ആവശ്യപ്പെട്ട സംഭവം ഉണ്ടായി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പേരിലും സമാനസംഭവം ഉണ്ടായി. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ ഏറിവരികയാണ്.
ഇതോടെ ‘ഞാന്‍ ആരോടും പണം ആവശ്യപ്പെടില്ല.. ആരും എനിക്ക് തരികയും വേണ്ട’ എന്ന് പരസ്യമായി പോസ്റ്റിടേണ്ടി വന്നു പലര്‍ക്കും.
ഗൂഗിള്‍പേ ഉപയോഗം കൂടി വരുന്നതാണ് തട്ടിപ്പുകാര്‍ക്ക് ഗുണമാകുന്നത്. ആളുകളുടെ വാട്സ് ആപ്പ് ഇമേജ് നോക്കിമാത്രം പണം അയക്കരുതെന്നാണ് സൈബല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചാറ്റുകള്‍ക്ക് മറുപടി നല്കുമ്പോള് സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പും ഇവര്‍ നല്കുന്നു.
വിശേഷങ്ങള്‍ ചോദിച്ച് ഹിസ്റ്ററി മുഴുവന്‍ ചികഞ്ഞെടുത്തുകൊണ്ടാണ് പണം ചോദിക്കുന്നതിലേക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. ഇതുതന്നെയാണ് തട്ടിപ്പുകാരുടെ തന്ത്രവും.