പറവൂർ: ഓൺലൈൻ സൈറ്റിലൂടെ കാർ വാങ്ങാൻ ശ്രമിച്ച യുവാവിനെ കബളിപ്പിച്ച് 32,000 രൂപ തട്ടിയെടുത്തതായി പരാതി. പറവൂർ പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് ഇതു സംബന്ധച്ച് പറവൂർ പോലീസിൽ പരാതി നൽകിയത്.
പ്രമുഖ ഓൺലൈൻ സൈറ്റിൽ കണ്ട മാരുതി സിഫ്റ്റ് കാർ വാങ്ങുന്നതിനായാണ് ഇയാൾ ഫോണിലൂടെ ബന്ധപ്പെട്ടത്.
കാറിന്റെ ഉടമയെന്ന് പരിചയപ്പെടുത്തിയ ആൾ അമിത്കുമാർ എന്ന പേരിൽ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. എബിക്ക് ഹിന്ദി വശമല്ലാത്തതിനാൽ സമീപവാസിയുടെ സഹായത്തോടെയായിരുന്നു ആശയവിനിമയം.
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി കാന്റീനിലെ ജീവനക്കാരാനാണെന്ന് പറഞ്ഞ ഇയാൾ വിശ്വസിപ്പിക്കാനായി ആർമി തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവയും അയച്ചു കൊടുത്തു.
വീഡിയോ കോളിൽ സംസാരിച്ചെങ്കിലും മുഖം പ്രദർശിപ്പിച്ചില്ല. ക്യാമ്പിൽ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നായിരുന്നു മറുപടി.
വാഹനം വാങ്ങാനായി തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോൾ കോവിഡ് മൂലം ഇവിടെ ആരെയും കയറ്റുന്നില്ലെന്നും മറുപടി നൽകി.
വാഹനം ആർമിയുടെ പാഴ്സൺ വാഹനത്തിൽ അയയ്ക്കാമെന്നാണ് ഇയാൾ പറഞ്ഞത്. ഇതിനുള്ള തുക ആദ്യം ഗൂഗിൾപേയിലൂടെ വാങ്ങി. ആർമി പാഴ്സലിൽ അയച്ച വിവരങ്ങളുടെ രശീതും അയച്ചു നൽകി.
പിന്നീട് പലതവണയായി ഓരോ കാരണങ്ങൾ പറഞ്ഞും പണം കൈപ്പറ്റി. എന്നാൽ കാർ പറഞ്ഞ സമയത്ത് എത്തിയില്ല. തുർന്ന് 50,000 രൂപ കൂടി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയാണ് എബി കാറിന്റെ കൂടുതൽ വിവരങ്ങൾ തേടിയത്.
വില്പനയ്ക്കായി കാണിച്ചിരുന്ന കാർ കൊട്ടാരക്കര സ്വദേശിയുടേതാണെന്ന് കണ്ടെത്തിയതോടെ തട്ടിപ്പിനിരയായതായി മനസിലായി. തുടർന്ന് പറവൂർ പേലീസിൽ പരാതി നൽകുകയായിരുന്നു.
തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫോണും ബാങ്ക് അക്കൗണ്ടും ഉത്തരേന്ത്യയിലുള്ളതാണെന്നാണ് പ്രാഥമിക നിഗമനം.