സിജോ പൈനാടത്ത്
കൊച്ചി: പഠനം മുതല്‍ പര്‍ച്ചേസ് വരെ ഓണ്‍ലൈനിലാകുന്ന കാലത്ത് ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗം കൂടുന്നു. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഇല്ലാത്തതു കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു കല്ലുകടിയാകുന്ന സാഹചര്യത്തില്‍, കണക്ടിവിറ്റി ശേഷി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണു ടെലികോം കമ്പനികള്‍.
റിലയന്‍സ് ജിയോ, ഐഡിയ-വൊഡാഫോണ്‍, എയര്‍ടെല്‍ എന്നിവയ്ക്കു പുറമെ ബിഎസ്എന്‍എലും നിലവിലുള്ള ടെലികോം ടവറുകള്‍ക്കു ശേഷി കൂട്ടാനോ പുതിയതു സ്ഥാപിക്കാനോ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ടവറുകള്‍ സ്ഥാപിക്കാനുള്ള അനുമതിയും സ്ഥലം കണ്ടെത്തലുമെല്ലാം പൂര്‍ത്തിയാക്കിയശേഷം, പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം മുടങ്ങിക്കിടക്കുന്ന നിര്‍മാണം പുനരാരംഭിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. എല്ലാ പ്രമുഖ കമ്പനികളുടെയും ടവര്‍ നിര്‍മാണങ്ങള്‍ പലയിടത്തും ഇത്തരത്തില്‍ മുടങ്ങിയിരിക്കുകയാണ്.
ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ടെലികോം ടവര്‍ സൗകര്യം പങ്കുവയ്ക്കുന്നുണ്ട്. നിലവിലുള്ള ടവറുകളെ തങ്ങള്‍ക്കു കൂടി ഉപയോഗപ്പെടുത്താനും വിവിധ കമ്പനികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ശ്രമം ആരംഭിച്ചു.
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തത്സമയം തടസമില്ലാതെ മുഴുവന്‍ സമയം കാണുന്നതിനു ഗ്രാമീണമേഖലകളില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ എളുപ്പമല്ല. വീടിന്റെ ടെറസിലും ഉയരമുള്ള സ്ഥലങ്ങളിലുമിരുന്നു മൊബൈല്‍ ഫോണില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ നിരവധിയാണ്.
പ്രതിദിനം അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസിന്റെ തത്സമയ സംപ്രേഷണം കാണാന്‍ രണ്ടു മുതല്‍ 3.5 ജിബി വരെ ഡാറ്റ വേണ്ടി വരുമെന്നാണു കണക്ക്. വെര്‍ച്വല്‍ ക്ലാസ് മുറികള്‍ പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കാന്‍ വലിയ തോതില്‍ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കേണ്ടിവരും.
കേരളത്തിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങള്‍ നിലവിലുണ്ട്.കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ് പദ്ധതിക്കായി ഉയര്‍ന്ന തോതിലുള്ള ഡാറ്റാ ട്രാഫിക് പ്രതീക്ഷിക്കുന്നുണ്ട്.
അധികമായി വേണ്ടിവരുന്ന ഈ ഡാറ്റാ ട്രാഫിക്കിനെ ഉള്‍ക്കൊള്ളാന്‍ അധികമായി ടെലികോം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നു കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ ബെന്നി ചിന്നപ്പ അഭിപ്രായപ്പെട്ടു.
ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പുറമെ, വര്‍ക്ക് ഫ്രം ഹോം, കോടതികളില്‍ കേസുകളുടെയും ഹിയറിംഗുകളുടെയും ഓണ്‍ലൈന്‍ ഫയലിംഗ്, കോവിഡ് പോസിറ്റീവ് കേസുകളുടെ കോണ്ടാക്ട് ട്രേസിംഗും മാപ്പിംഗും, മദ്യവില്പനയ്ക്ക് ആപ്പിലൂടെ ഓണ്‍ലൈന്‍ ടോക്കണ്‍ നല്കല്, വിവിധ എന്റര്ടെയ്ന്മെന്റ് പ്ലാറ്റ്ഫോമുകള് എന്നിവയ്ക്കെല്ലാം ഇന്റര്‍നെറ്റ് ഡാറ്റ അധികമായി വേണ്ടിവരുന്നു.