കണ്ണൂർ: അക്കൗണ്ട് ഉടമ അറിയാതെ ഓൺലൈൻ ഇടപാടുകൾ നടത്തിയെന്ന വ്യാജേന അക്കൗണ്ടിൽനിന്നും വ്യാപകമായി പണം തട്ടുന്നു. ഓൺലൈൻ സൈറ്റുകളുടെ മേൽവിലാസത്തിലാണ് അക്കൗണ്ട് ഉടമകളുടെ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്ക് പണം പിൻവലിച്ചതായി മെസേജ് വരുന്നത്. കണ്ണൂർ മുണ്ടയാട് സ്വദേശിയുടെ പക്കൽനിന്നും കഴിഞ്ഞ ദിവസം ഇത്തരത്തിൽ 21,372 രൂപ പലതവണയായി നഷ്ടപ്പെട്ടു.
കഴിഞ്ഞ എട്ടിന് വൈകുന്നേരം 4.30നും 9.30നും പലതവണയായിട്ടാണ് മുണ്ടയാട് സ്വദേശി സി. പ്രദീപന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടത്. കണ്ണൂർ ഫോർട്ട് റോഡിലുള്ള എസ്ബിഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണ് പലതവണയായി പണം നഷ്ടപ്പെട്ടത്.
എക്സ്പ്രസ് ഡോട്ട് കോം, ഐട്യൂൺസ് ഡോട്ട് കോം എന്ന സൈറ്റുകളുടെ പേരിലാണ് പണം പിൻവലിച്ച മെസേജ് വരുന്നത്. ഒടിപിയും എടിഎമ്മിന്റെ പിൻനന്പരും യാതൊരു തരത്തിലും പ്രദീപൻ ഷെയർ ചെയ്തിട്ടില്ല. കണ്ണൂർ ടൗൺ സ്റ്റേഷൻ, എസ്ബിഐ, സൈബർ സെൽ എന്നിവിടങ്ങളിൽ പ്രദീപൻ പരാതി നൽകി. എക്സ്പ്രസ് ഡോട്ട് കോം എന്ന സൈറ്റ് ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തെ അന്താരാഷ്ട്ര സൈറ്റുകളിലൊന്നാണ്.
ഐട്യൂൺസ് ആകട്ടെ ആപ്പിൾ ഫോണുമായി ബന്ധപ്പെട്ട സൈറ്റാണ്. ഇത്തരത്തിൽ നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ആദ്യം ചെറിയ തുക പിൻവലിക്കുകയും അത് തിരികെ അക്കൗണ്ടിലേക്ക് എത്തിയതായും കാണിച്ച് മെസേജ് അയച്ച് അക്കൗണ്ട് ഉടമകളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത്.
മുണ്ടയാട് സ്വദേശി സി. പ്രദീപന്റെ 50 രൂപയായിരുന്നു ആദ്യം പിൻവലിച്ചതെന്ന് സന്ദേശം വന്നത്.എന്നാൽ അൽപസമയം കഴിഞ്ഞ് 50 രൂപ തിരികെയെത്തിയതായും മെസേജ് വന്നു. തുടർന്ന് 5000, 10000 തുടങ്ങിയ തുകകൾ പിൻവലിച്ചതായി മെസേജ് വരികയായിരുന്നു. സൈബർ സെൽ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. അന്താരാഷ്ട്ര സംഘമാണ് ഈ ഹൈടെക് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം.