പയ്യന്നൂര്‍: കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയില്‍ നടത്തിവന്ന ദീര്‍ഘദൂര ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സര്‍വീസ് നിർത്തി. ഇതിനായി നിയോഗിച്ച ഫ്രാഞ്ചൈസിയെ കെഎസ്ആര്‍ടിസി തടഞ്ഞതാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതാകാന്‍ കാരണം.
ഡിപ്പോകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് ഫ്രാഞ്ചൈസികള്‍ക്ക് ഓണ്‍ലൈന്‍ സര്‍വീസിന് അനുമതി നല്‍കിയിരുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പയ്യന്നൂരിൽ നിന്നുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സര്‍വീസുകളാണ് നിർത്തലാക്കിയിരിക്കുന്നത്.
ഇതോടെ പയ്യന്നൂരിലേക്കും പയ്യന്നൂരില്‍ നിന്നും ദീര്‍ഘദൂര ബസുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ മറ്റു സ്വകാര്യ സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഉത്സവ സീസണ് ആയതോടെ കൂടുതൽ ആളുകള്‍ ഓൺലൈൻ ബുക്കിംഗിനെ ആശ്രയിക്കുന്ന ഈ സമയത്ത് കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കേണ്ട വരുമാനമാണ് അധികൃതരുടെ അലംഭാവം കാരണം നഷ്ടമാകുന്നത്.
സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുമ്പോൾ ഡിപ്പോസിറ്റ് തുക അടച്ചിട്ടും സേവനം പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ഫ്രാഞ്ചൈസി ഉടമകളും പറയുന്നു. പരാധീനതകളിൽ വലയുന്ന കെഎസ്ആർടിസിക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കുന്ന അധികൃതരുടെ നടപടി ആരെ സഹായിക്കാനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.