കോട്ടയം: ഓണ്‍ലൈന്‍ പഠനം വളരെ സുഗമമായി ജില്ലയില്‍ നടക്കുന്നുണ്ടെങ്കിലും മൊബൈല്‍ ഫോണുകളുടെ നെറ്റ് വര്‍ക്ക് തകരാര്‍ ജില്ലയില്‍ പലയിടത്തും പഠനത്തിനു തടസം സൃഷ്ടിക്കുന്നു.നിലവില്‍ ജില്ലിയില്‍ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഇപ്പോഴുമില്ലെന്നാണ് കണക്ക്.
മലയോര മേഖലയിലാണ് ഈ പ്രശ്നം കൂടുതലും. തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ സിഗ്നല്‍ പോലും ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പൊതുവായ കേന്ദ്രങ്ങള്‍ തുറന്ന് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഇതിനുള്ള നടപടികള്‍ എടുത്തിരുന്നു.ഓണ്‍ലൈന്‍ പ്രവേശനോത്സവം ഇന്നലെ കഴിഞ്ഞതോടെ ഇന്നു മുതല്‍ ഓണ്‍ലൈനിലും ടിവിയിലും ക്ലാസുകള്‍ ക്രമീകരിക്കാനാണ് സ്കൂളുകളുടെ തീരുമാനം.
ഇത്തവണ വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ക്കു പുറമേ വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുംവിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും നടത്തും.പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷണം.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരെ സ്വയംപര്യാപ്തമാക്കിയ ശേഷം ജൂലൈ ആദ്യം മുതല്‍ പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. പിന്നാലെ മറ്റു ക്ലാസുകളിലേക്കും ഓണ്‍ ലൈന്‍ സംവിധാനം പരീക്ഷിക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
പടിഞ്ഞാറമേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പലര്‍ക്കും സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് ടിവിയും ഇപ്പോഴുമില്ല. അന്നന്നത്തെ ആഹാരത്തിനായി കൂലി വേല ചെയ്തു ജീവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇപ്പോഴും ഫോണും ടിവിയും അന്യമാണ്.
സന്നദ്ധ സംഘടനകളും മറ്റും ഫോണ്‍, ടെലിവിഷന്‍ വിതരണം നടത്തിയെങ്കിലും ഇപ്പോഴും ലഭ്യമാകാത്ത കുട്ടികളുണ്ട്. ഒന്നിലധികം കുട്ടികളുള്ള വീടുകളിലും പഠനത്തിനു തടസമുണ്ട്. ഒരേ സമയം ഒരു കുട്ടിക്കു മാത്രമേ പഠനാവസരം ലഭിക്കുന്നുള്ളു.