ആലപ്പുഴ: ജില്ലയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ “4ജി സ്മാർട്ട് ഫോൺ ചലഞ്ച്” നടത്തുന്നു.
ഓൺലൈൻ പഠന സൗകര്യമില്ല എന്ന ഒറ്റക്കാരണത്താൽ ഒരു കുട്ടിപോലും പഠനത്തിൽ നിന്നും ഒഴിവായിപ്പോകാൻ പാടില്ല എന്നുള്ളതുകൊണ്ടുതന്നെ നാടിന്റെ നാനാ ഭാഗങ്ങളിലുള്ള ഒട്ടനവധി പേരുടെ സന്മനസും കൂട്ടായ ശ്രമഫലവുമായി ഇതിനോടകം തന്നെ ധാരാളം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുകയുണ്ടായി.
എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം സ്വന്തമായി സ്മാർട്ട് ഫോണോ, ടാബ്ലെറ്റോ ഇല്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയാത്ത അർഹരായ 2,850 സ്കൂൾ വിദ്യാർഥികൾ ജില്ലയിൽ ഇനിയും ഉണ്ട്.
4ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി അർഹരായ കുട്ടികൾക്ക് നൽകി ഓൺലൈൻ പഠനസൗകര്യമൊരുക്കുകയാണ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
സഹകരണ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, സംഘടനകൾ, എൻജിഒകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ തുടങ്ങി ആർക്കും ചലഞ്ചിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ സ്പോൺസർ ചെയ്യാവുന്നതാണ്.
ഓൺലൈൻ പഠനത്തിനാവശ്യമായ 4ജി സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ വാങ്ങി നൽകാൻ താല്‍പ്പര്യമുള്ളവര്‍ ഉദ്യമത്തോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
സ്മാർട്ട് ഫോണുകൾ ശേഖരിക്കുന്നതിന് കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസിൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: 0477 2252064, 9645545910. ഇ-മെയിൽ : [email protected]