കോട്ടയം: ഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാത്തവരുടെ കണക്കെടുത്തു വിദ്യാഭ്യാസ വകുപ്പ്.ലോക്ഡൗണ്‍ രണ്ടാം തരംഗത്തിലും തുടരുന്ന ഓണ്‍ലൈൻ പഠനത്തിനു ഇനിയും സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പാണു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിരിക്കുന്നത്.
ആദ്യ ഘട്ട കണക്കെടുപ്പിൽ 3,553 കുട്ടികൾക്കു പഠന സൗകര്യമില്ലെന്നായിരുന്നു കണ്ടെത്തിയത്. രണ്ടാം ക്ലാസു മുതൽ പ ത്താം ക്ലാസുവരെയുള്ള കുട്ടികളുടെ കണക്കാണിത്.
ആദ്യ ഘട്ട കണക്കെടുപ്പിനു പിന്നാലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും ലഭ്യമാക്കുന്നതിന് അതതു തദ്ദേശ സ്ഥാപനങ്ങളോടും സഹകരണ വകുപ്പിനോടും കളക്്ടർ ആവശ്യപ്പെട്ടിരുന്നു.
തുടർന്നു സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും നിരവധി കുട്ടികൾക്കു സ്പോണ്‍സർമാർ മുഖേന മൊബൈൽ ഫോണ്‍ സൗകര്യങ്ങൾ ലഭ്യമാക്കി.
വിവിധ സന്നദ്ധ സംഘടനകളും മൊബൈൽ ഫോണുകളും ടാബുകളും കുട്ടികൾക്ക് നൽകി. കഴിഞ്ഞ വർഷം ആറായിരത്തോളം കുട്ടികൾക്കാണു മൊബൈലും ടിവിയും അടക്കം പഠനസൗകര്യമില്ലാതിരുന്നത്.
സന്നദ്ധസംഘടനകളും വ്യക്തികളും സഹായവുമായി മുന്നോട്ടുവന്നതോടെ നിരവധി പേർക്കു മൊബൈലും ടിവിയും നൽകാനായി. ഇത്തവണ ടിവി സൗകര്യമില്ലാത്തവർ കുറവാണ്.
ഇന്റർനെറ്റ്, കേബിൾ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അപ്പപ്പോൾ പരിഹരിക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം.
വിദ്യാർഥികളുടെ വീടുകളിലേക്കുള്ള വൈദ്യുതിവിതരണം സുഗമമാണെന്ന് ഉറപ്പാക്കുന്നതിനും തടസമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും കളക്ടറും കേബിൾ ദാതാക്കളും കഐസ്ഇബി ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വാട്സപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്.
സ്കൂളുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ ഗ്രൂപ്പുകളിലിടും. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നുണ്ടോ എന്നു മോണിട്ടർ ചെയ്യുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
ഓണ്‍ലൈൻ പഠന സാമഗ്രികൾ ലഭ്യമായാലും ഇന്റർനെറ്റ് വേഗം കുറയുന്നതും മൊബൈൽ കവറേജ് ലഭ്യമല്ലാത്തതും ഇനിയും പല സ്ഥലങ്ങളിലും പരിഹരിക്കാനായിട്ടില്ല. ബിഎസ്എൻഎൽ നെറ്റ്വർക്കിനെ മാത്രം ആശ്രയിച്ചു കഴിയുന്ന കുട്ടികളാണ് ഏറെയും ബുദ്ധിമുട്ടുന്നത്.