സ്വന്തം ലേഖകൻ
തൃശൂർ: ഓണ്‍ലൈൻ പഠനം കുട്ടികൾക്ക് മാത്രമല്ല നമ്മുടെ ജനപ്രതിനിധികൾക്കും ഏറെ ഇഷ്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ ആദ്യമായി ഓണ്‍ലൈനിൽ പരിശീലനം നൽകിയപ്പോൾ ഹാജരായ പഠിതാക്കളുടെ എണ്ണം റിക്കാർഡായിരുന്നു.
നാലു ദിവസങ്ങളിലായാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 19576 ജന പ്രതിനിധികൾ പങ്കെടുത്തു. 21569 പേരാണ് പങ്കെടുക്കാൻ ഉണ്ടായിരുന്നത്.
ജില്ലകളിലെ പ്രാദേശിക അവധിയും കോവിഡ്19 സാഹചര്യവും കാരണം തദ്ദേശഭരണസ്ഥാപനങ്ങളിലെ പരിശീലനങ്ങൾ മാറ്റിവെച്ചിരുന്നു. ഇങ്ങനെയുള്ള ജില്ലകളിലായി പങ്കെടുക്കാനുള്ള 1993 പേർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളായ 331 പേർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ നേരിട്ടാണ് സംഘടിപ്പിക്കുക. 90ശതമാനത്തിലേറെ ജനപ്രതിനിധികളും പങ്കെടുത്ത പരിശീലനം വിജയകരമായി.
ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും വ്യത്യസ്ത സമയം നിശ്ചയിച്ചു നൽകിയാണ് പരിശീലനം നൽകിയത്.
കില ചുമതലപ്പെടുത്തിയ റിസോഴ്സ് ടീമുകൾ വീഡിയോ സെഷനുകൾ വഴി തൽസമയം സംശയ ദൂരീകരണത്തിനും ചർച്ചക്കും അവസരമൊരുക്കി. വകുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പൊതുഭരണം, ആസൂത്രണം, ധനകാര്യം, സാമൂഹ്യനീതി, സ്ത്രീശാക്തീകരണം, മാലിന്യപരിപാലനം, സാമൂഹികക്ഷേമപദ്ധതികൾ, പൊതുമരാമത്ത് എന്നിവയിൽ ആദ്യഘട്ട പരിശീലനമാണ് നൽകിയത്.
പരിശീലനത്തിൽ വ്യത്യസ്ത വിഷയങ്ങളിലായി 8 പുസ്തകങ്ങളും നൽകി. പരിശീലന വീഡിയോകൾ യൂട്യൂബിലും പുസ്തകങ്ങൾ ചില വെബ്സൈറ്റിലും ലഭ്യമാണ്.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വാർഷിക പദ്ധതികളും ബജറ്റും തയ്യാറാക്കേണ്ടതിനാൽ അതിനുള്ള പരിശീലനവും നൽകുന്നുണ്ട്. വനിതാ ജനപ്രതിനിധികൾ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് പ്രത്യേക ക്ലാസ് നൽകും.