കോട്ടയം: ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷം നേരിട്ടും ഓണ്‍ലൈനിലും പ്രവേശനം നേടിയ കുട്ടികൾ സ്കൂളും ക്ലാസും കാണാതെ രണ്ടാം ക്ലാസിലേക്ക്.
രണ്ടാം ക്ലാസിൽ എത്തുന്പോഴും കുട്ടികൾ സ്വന്തം സ്കൂൾ കാണുന്നില്ല. ഒപ്പം അധ്യാപകരെയും കൂട്ടുകാരെയും നേരിൽ കാണുകയോ പരസ്പരം അറിയുകയോ ചെയ്യുന്നില്ല.
ചിലർക്കെങ്കിലും അധ്യാപകരെ ഓണ്‍ലൈനിൽ കേട്ട ശബ്ദം കൊണ്ടു തിരിച്ചറിയാമെന്നു മാത്രം. എൽകെജിയിലും യുകെജിയിലും ചേർന്നവരുടെ പഠനപരിശീലനവും ഇങ്ങനെതന്നെ.
ഏറെപ്പേരും ഓണ്‍ലൈനിലും സ്കൂൾ കണ്ടില്ല, ടീച്ചറെയും കണ്ടില്ല, പാഠപുസ്തകവും കണ്ടില്ല. സ്കൂൾ കാണാതെയും കാര്യമായി പഠിപ്പൊന്നും നടത്താതെയും അധ്യയനം ഒരു വർഷം തീർന്നെങ്കിലും കണക്കുതീർത്ത് ഫീസ് അടയ്ക്കാതെ ഉയർന്ന ക്ലാസിലേക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് ചില സ്വകാര്യ സ്കൂളുകളിൽനിന്നു വന്നുകൊണ്ടിരിക്കുന്നു.
ടീച്ചറുടെ ശിക്ഷണവും പഠിപ്പിക്കലുമില്ലാത്ത ഈ പോക്കു പോയാൽ മൂന്നാം ക്ലാസിൽ എത്തുന്പോഴും വീട്ടുകാരെ പിരിയാനാവാത്ത സങ്കടത്തിൽ കുട്ടി ടീച്ചറിനു മുന്നിൽ കരച്ചിലും പിഴിച്ചിലുമായി കലഹിക്കുകയും ക്ലാസ് വിട്ട് പുറത്തേക്ക് ഓടുകയും ചെയ്തെന്നിരിക്കാം.
യുകെജിയിൽനിന്ന് ഒന്നാം ക്ലാസിലേക്കും എൽപിയിൽനിന്ന് യുപിയിലേക്കും യുപിയിൽനിന്ന് ഹൈ സ്കൂളിലേക്കുമൊക്കെ കടന്പകൾ കടക്കുന്നതു കാര്യമായ പഠിപ്പും പരീക്ഷയുമൊന്നുമില്ലാതെയാണ്.
പലരും വാങ്ങിവച്ച പാഠപുസ്തകം തുറന്നുനോക്കിയിട്ടുപോലുമില്ല. കെട്ടുകണക്കിന് കിട്ടിയ നോട്ടുബുക്കുകളിൽ പടം വരയ്ക്കാൻപോലും സാഹചര്യം കിട്ടാത്തവരുമുണ്ട്.
കോവിഡ് വ്യാപനമേറുന്പോൾ വിദ്യാഭ്യാസരംഗത്ത് ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കരിനിഴൽ പടരുകയാണ്.
2020 മാർച്ചിൽ ഒന്‍പതാം ക്ലാസ് വരെ വാർഷിക പരീക്ഷ ഒഴിവാക്കി തുടങ്ങിയ പരീക്ഷണമാണ്. കഴിഞ്ഞ മാർച്ചിലും ജൂണിലുമായി എസ്എസ്എൽസിയും പ്ലസ് ടുവും രണ്ടുഘട്ടമായി പരീക്ഷ നടത്തി ഫലം നൽകി.
പ്ലസ് ടു കോഴ്സിലേക്കു പ്രവേശനം നേടിയതും പഠിച്ചതും ഓണ്‍ലൈനിൽതന്നെ. അവധിക്കാല സപെഷൽ ക്ലാസുകളും ട്യൂഷനും ഏറെക്കുറെ ഇക്കൊല്ലവും മുടങ്ങുന്ന സാഹചര്യമാണ്.
ഒന്‍പതാം ക്ലാസിൽനിന്നു പത്തിലേക്ക് കടക്കുന്ന കുട്ടികളുടെ കാര്യത്തിലാണ് അധ്യാപകരിൽ ആശങ്ക. പല വിഷയങ്ങളിലും കാര്യമായ അടിത്തറയും ശിക്ഷണവും ഇവർക്കു ലഭിച്ചിട്ടില്ല.
ഇക്കൊല്ലവും പത്താം ക്ലാസ് ഓണ്‍ലൈനിൽ തന്നെ പഠിക്കേണ്ടിവരും. പ്ലസ് ടു ഫൈനൽ പരീക്ഷ എഴുതി എൻട്രൻസുകൾക്ക് ഒരുങ്ങുന്നവർക്കും ആശങ്ക ചെറുതല്ല.
എങ്ങനെയാകും എൻട്രൻസ് പരിശീലനവും പരീക്ഷയും എന്നതിൽ ആർക്കും ഒരു തിട്ടവുമില്ലാത്ത സ്ഥിതിവിശേഷം.