തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ പ്രവേശനത്തിനും സ്കൂളുകളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ഓണ്‍ലൈന്‍ സംവിധാനം കൂടി ഒരുക്കി.
ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ സംവിധാനം ആവശ്യമുള്ളവര്‍ സമ്പൂര്‍ണ പോര്‍ട്ടലിലൂടെ ഇതു പ്രയോജനപ്പെടുത്താം. (sampoorna.kite.keral a.go v.in).
ഒന്നാം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം തുടങ്ങി. മറ്റുക്ലാസുകളിലേയ്ക്ക് ഈ മാസം 26 മുതല്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം.
നിലവില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ പോര്ട്ടിലിലുണ്ട്. ഈ വിദ്യാര്‍ഥികളുടെ അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം സമ്പൂര്‍ണ വഴി ഓണ്‍ലൈന്‍ ആയി നടത്തണം.
സാധാരണ സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറത്തില്‍ നല്കുന്ന വിവരങ്ങള്‍ തന്നെയാണ് രക്ഷിതാക്കള്‍ ഓണ്‍ലൈനിലും നല്‍കേണ്ടത്.രക്ഷിതാവ് ഓണ്‍ലൈനില്‍ നല്കുന്ന അപേക്ഷ പ്രഥമാധ്യാപകന്റെ സമ്പൂര്‍ണ ലോഗിനില്‍ ലഭിക്കും.
സ്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓണ്‍ലൈനായി നിലവില്‍ പഠിക്കുന്ന സ്കൂളില്‍ സമ്പൂര്‍ണ വഴി നല്‍കാം.
ടിസിയ്ക്കായി അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകര്‍ വിദ്യാര്‍ഥിയെ സമ്പൂര്‍ണ വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും ടിസിയുടെ ഡിജിറ്റല്‍ പതിപ്പ് രക്ഷിതാവിനും പുതുതായി ചേരുന്ന സ്കൂളിനും ലഭ്യമാക്കുകയും ചെയ്യണം.
ഓണ്‍ലൈന്‍ പ്രവേശനം ടിസി നല്കല് എന്നിവയുടെ സഹായത്തിന് ജില്ലാ തലത്തില്‍ ഹെല്പ് ഡസ്കും തയാറാക്കിയിട്ടുണ്ടെന്നു കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത് ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ട്.
വരുന്ന അധ്യയന വര്‍ഷവും സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്ക്കുന്നതെങ്കില് നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം അതാത് സ്കൂള്‍ അധ്യാപകര്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നും കൈറ്റ് വിക്ടേഴ്സ് ചാനല്‍ സിഇഒ അന്‍വര്‍ സാദത്ത് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത മാസം ഒന്നിനു തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം പഠിച്ചതും തുടര്‍പഠനം ആവശ്യമുള്ളതുമായ ഭാഗങ്ങള്‍ക്ക് ആദ്യ ക്ലാസുകളില്‍ പ്രത്യേക പരിഗണന നല്‍കണം.
പരമാവധി സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ പഠന ക്രമീകരണ സൗകര്യങ്ങള്‍ ഒരുക്കണം. അങ്കണണവാടികള്, ഗ്രന്ഥശാലകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കണം. അധ്യയന വര്‍ഷത്തില്‍ പൂര്‍ണമായും ഡജിറ്റല്‍ പഠനം ആവശ്യമായി വരും എന്ന രീതിയിലുള്ള ക്രമീകരണങ്ങളാവും ഒരുക്കേണ്ടത്.
കലാ,കായികം, പ്രവൃത്തി പരിചയം എന്നിലയ്ക്കും ഡിജിറ്റല്‍ ക്ലാസുകളില്‍ പ്രാധാന്യം നല്‍കണം. അന്‍വര്‍ സാദത്ത് നല്കിയ റിപ്പോര്‍ട്ടിലെ മറ്റു പ്രധാനപ്പെട്ട ഒരു നിര്‍ദേശം പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ച് 10 ദിവസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സ്കൂളിലെത്തി അധ്യാപകരുമായി ആശയവിനിമയംനടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നുള്ളതാണ്.