ചെന്നൈ: ഓണ്‍ലൈൻ ക്ലാസിൽ തോർത്തുടുത്തെത്തിയതിനെ തുടർന്ന് അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി കുട്ടികൾ രംഗത്ത്.
ചെന്നൈയിലെ പ്രമുഖ സ്വകാര്യ സ്കൂൾ ഗ്രൂപ്പായ പദ്മശേഷാദ്രി ബാലഭവന്റെ കെ.കെ. നഗർ സ്കൂളിലെ പ്ലസ് ടു അധ്യാപകൻ രാജഗോപാലിനെതിരെ ആണ് കൂടുതൽ വെളിപ്പെടുത്തലുമായി പെണ്‍കുട്ടികൾ രംഗത്തുവന്നത്.
ഇയാൾ പെണ്‍കുട്ടികളുടെ മൊബൈലിലേക്ക് പോണ്‍സൈറ്റുകളുടെ ലിങ്കുകൾ അയച്ചുകൊടുത്ത് കാണാൻ നിർബന്ധിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
പെണ്‍കുട്ടികളെ ഇയാൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാനും ക്ഷണിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടികളോട് ഇത്തരം ലൈംഗിക താത്പര്യങ്ങളോടെ ഇടപെട്ടുകൊണ്ടിരുന്ന ഇയാൾ തന്നെ കുറിച്ച് ആരോടെങ്കിലും പരാതിപ്പെട്ടാൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് രാജഗോപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഓണ്‍ലൈൻ ക്ലാസിന് കുളിമുറിയിൽ നിന്ന് നേരെ ഇറങ്ങി വന്നതുപോലെ തോർത്തുടുത്ത് പ്രത്യക്ഷപ്പെടുക, പെണ്‍കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ച് വർണന നടത്തുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഇയാൾ ചെയ്തിരുന്നത്.
തോർത്തുടുത്ത് എത്തിയ അധ്യാപകന്റെ ഫോട്ടോ ഓണ്‍ലൈൻ ക്ലാസിനിടെ ഒരു പെണ്‍കുട്ടി സ്ക്രീൻ ഷോട്ടായി എടുക്കുകയും സ്കൂളിലെ തന്നെ പൂർവ വിദ്യാർഥിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൂർവവിദ്യാർഥി അധ്യാപകന്റെ ആ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേർ സമാന അനുഭവങ്ങളുമായി രംഗത്തെത്തി. തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ അധ്യാപകനെതിരേ പ്രതിഷേധം ശക്തമായത്.
കെ.കെ. നഗർ സ്കൂളിലെ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാനുള്ള സമിതിയിലെ അംഗമാണ് അറസ്റ്റിലായ രാജഗോപാൽ. അധ്യാപകൻ ദുരുദ്ദേശത്തോടെ സ്പർശിച്ചിരുന്നതായി ചില കുട്ടികളുടെ രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
എന്നാൽ സ്കൂൾ അധികൃതർ അധ്യാപകനെതിരേ നടപടിയെടുക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തിരുന്നില്ല.ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത അധ്യാപകനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു.