തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവം വെർച്വലായി നടത്താനാണ് തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം. ജൂൺ ഒന്നിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനൽ വഴി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കും. അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം 11ന് കോട്ടൺഹിൽ സ്കൂളിൽ നടക്കും.
വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജീകരിക്കുമെന്നാണ് ഈ അധ്യയന വർഷത്തെ പ്രധാന പ്രത്യേകതയെന്നും മന്ത്രി വ്യക്തമാക്കി.