എപ്പോള്‍ നോക്കിയാലും മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ടാബിലും കണ്ണുനട്ടിരിക്കുയാ എന്നു പരാതി പറഞ്ഞിരുന്ന മാതാപിതാക്കള്‍ ഇത്തവണ പുത്തന്‍ ആന്‍ഡ്രോയ്ഡ് ഫോണും ലാപ്ടോപ്പും തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങാനായി ഓടിനടക്കുകയായിരുന്നു.
സാധാരണ സ്കൂള്‍ തുറക്കുന്ന തലേ ആഴ്ച ബാഗു കടകളിലും തുണിക്കടകളിലുമായിരുന്നു തിരക്ക്. കുട്ടികള്‍ക്കു പുത്തന്‍ ബാഗും ചെരുപ്പും കുടയും യൂണിഫോമും എല്ലാം വാങ്ങണം. എന്നാല്‍ ഇത്തവണ പഠനം ഓണ്‍ലൈനായതോടെ മൊബൈല്‍ കടകളിലായിരുന്നു തിരക്ക്.
കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ വിലയേറിയ സ്മാര്‍ട്ട് ഫോണുകളാണ് വാങ്ങി നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ബുദ്ധിമുട്ടുകള്ള കുടുംബങ്ങള്‍ക്ക് സ്കൂളുകളും പിടിഎയും സന്നദ്ധ സംഘടനകളും ഫോണുകള്‍ വാങ്ങി നല്കി.
കഴിഞ്ഞ തവണ ടെലിവിഷനിലൂടെ പഠനം നടത്തിയ കുട്ടികള്‍ക്ക് ഇത്തവണ മൊബൈലിന്റെ കൂടി സേവനം അനിവാര്യമായിരിക്കുകയാണ്. സ്വന്തം സ്കൂളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ എത്തുന്നതുകൊണ്ടാണിത്.
കുട്ടികള്‍ക്ക് ടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കൈവശമുണ്ടോയെന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ അധ്യാപകര്‍ ശേഖരിച്ചിരുന്നു. രക്ഷിതാക്കളെ ഫോണില്‍ വിളിച്ചാണ് ലഭ്യത ഉറപ്പുവരുത്തിയത്.