
എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനം ഏറെ ചർച്ച ചെയ്ത മിട്ടു പൂച്ചയോ സായി ടീച്ചറിനേയോ അറിയാതെ പത്തോളം കുട്ടികൾ. സംസ്ഥാനത്ത് ഫസ്റ്റ് ബെല്ലടിച്ച് ഓൺലൈനായി സ്കൂൾ തുറന്നിട്ട് ഇന്ന് 26 ദിവസം. പഠിപ്പിച്ച പാഠ ഭാഗമോ പഠിപ്പിക്കുന്ന അധ്യാപകരയോ കാണാനാകാതെ 18 കൂട്ടികൾ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഫണ്ട് ചിലവഴിക്കുന്ന പട്ടിക വർഗ വിഭാഗത്തിലെ കുട്ടികൾക്കാണ് ഈ ഗതികേട്. തലസ്ഥാന ജില്ലയിലെ പൊടിയക്കാല ആദിവാസി സെറ്റിൽമെന്റിലെ 18 കുട്ടികൾക്കാണ് ടെലിവിഷനോ മൊബൈൽ ഫോണോ ഇല്ലാത്തതിന്റെ പേരിൽ ഇതുവരേയും ഓൺലൈൻ പഠനം ആരംഭിക്കാൻ കഴിയാത്തത്.
എൽകെജി മുതൽ പത്താം ക്ലാസ് വരെ നാൽപതോളം കുട്ടികളാണ് പൊടിയക്കാല സെറ്റിൽമെന്റ് കോളനിയിൽ നിന്നും പഠിക്കുന്നത്. ഇതിൽ മുപ്പതിലധികം കുട്ടികൾ മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിലാണ് പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികൾ വിതുര, കട്ടേല,ഞാറനീലി സ്കൂളുകളിലാണ് പഠിക്കുന്നത്.
കോവിഡ്-19 കാരണം സ്കൂൾ തുറക്കാത്തതിനാൽ ഹോസ്റ്റലുകളിൽ നിന്നും പഠിക്കുന്ന കുട്ടികളെല്ലാം വീടുകളിലുണ്ട്. ഐടിഡിപി ഗോത്രസാരഥി പദ്ധതി പ്രകാരം വാഹന സൗകര്യം ഏർപ്പെടുത്തിയതിനാൽ മൂപ്പതിലധികം കുട്ടികളും മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിലാണ് പഠിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ വഴി ക്ലാസ് ആരംഭിച്ചെങ്കിലും പൊടിയക്കാലയിലെ 18 കുട്ടികൾക്ക് ഇതുവരേയും പഠനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ കുട്ടികളുടെ വീടുകളിലൊന്നും ടെലിവിഷനോ സ്മാർട് ഫോണോ ഇല്ല. ഇതുകാരണം ഇവരിൽ പലർക്കും ഇതുവരേയും ഒരു ക്ലാസ് പോലും അറ്റൻഡ് ചെയ്യാൻ പറ്റിയിട്ടില്ല.
കുട്ടികൾക്ക് പഠിക്കാൻ സൗകര്യമില്ലാത്ത കാര്യം പലകുറി രക്ഷിതാക്കളും അധ്യാപകരും പഞ്ചായത്ത് അധികൃതരേയും സ്കൂൾ അധികൃതരേയും ട്രൈബൽ ഡിപ്പാർട്മെന്റിനേയും അറിയിച്ചതിനെ തുടർന്ന് ഒരു ടെലിവിഷൻ പൊടിയക്കാല കമ്യൂണിറ്റി ഹാളിൽ ഐടിഡിപി ഉദ്യോഗസ്ഥർ കൊണ്ടുവന്നു സ്ഥാപിച്ചു.
രണ്ടു കുട്ടികൾക്ക് സന്നദ്ധ പ്രവർത്തകർ ടിവി നൽകി. ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസു വരെയുള്ള 30 ലധികം കുട്ടികൾ പഠിക്കുന്ന സ്ഥലത്താണ് മൂന്നു ടെലിവിഷൻ. അഗസ്ത്യാർ കൂടത്തിന്റെ അടിവാരത്ത് പേപ്പാറ ഡാമിനോട് ചേർന്നാണ് പൊടിയക്കാല ആദിവാസി സെറ്റിൽമെന്റ് സ്ഥിതി ചെയ്യുന്നത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പലപ്പോഴായി വന്നു പോകുന്ന മൊബൈൽ നെറ്റ്വർക്ക്, കാറ്റടിച്ചാൽ നിലയ്ക്കുന്ന വൈദ്യുതി, വന്യമൃഗങ്ങൾ എന്നീ പരിമിതികൾ മറികടന്നാണ് കുട്ടികൾ സ്കൂൾ പഠനത്തിന് എത്തിയിരുന്നത്. കോവിഡ് കാരണം സ്കൂൾ പഠനം അനിശ്ചിതാവസ്ഥയിലായതോടെ സർക്കാർ ഓൺലൈൻ പഠനം ആരംഭിച്ചു.
എന്നാൽ പൊടിയക്കാല പോലുള്ള ഉൾവനങ്ങളിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ പഠനസൗകര്യം ഒരുക്കുന്ന കാര്യത്തിൽ 26 ദിവസം പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പിന് കാര്യമായി ഒന്നും ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് പൊടിയക്കാലയിലെ നേർ ചിത്രം.
വന്യ മൃഗങ്ങൾ തിങ്ങിപ്പാർക്കുന്ന പൊടിയക്കാല സെറ്റിൽമെന്റിലെ ജനങ്ങൾക്ക് പുറം ലോകമായി ബന്ധപ്പെടാനുള്ള ഏക മാർഗം രണ്ടു നേരം വന്നുപോകുന്ന കെഎസ്ആർടിസി ബസാണ്. അതു വന്നാൽ വന്നു. അതിനെയെല്ലാം മറികടന്നാണ് പൊടിയക്കാലയിലെ കുട്ടികൾ മീനാങ്കൽ സ്കൂളിലെത്തി പഠിക്കുന്നത്.
തലസ്ഥാന ജില്ലയിലെ പഠന നിലവാരത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള സ്വകാര്യ സ്കൂളുകളേക്കാൾ വിജയശതമാനത്തിൽ മുൻപന്തിയിൽ തന്നെയാണ് പൊടിയക്കാലയിലേയും മീനാങ്കൽ സ്കൂളിലേയും കുട്ടികൾ. ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളുടെ ഓൺലൈൻ പഠനം പല സമയങ്ങളിലായതിനാൽ കമ്യൂണിറ്റി ഹാളിൽ പോയി എല്ലാപേർക്കും പഠിക്കാനും സാധിക്കുന്നില്ല.
ഡിടിഎച്ച് സേവനം പലപ്പോഴും ലഭിക്കാത്ത അവസ്ഥകൂടി നിലനിലനിൽക്കുന്നുണ്ട്. ഇതു കാരണം ടെലിവിഷൻ ഉണ്ടെങ്കിലും കൃത്യമായി ക്ലാസ് അറ്റന്റ് ചെയ്യാൻ പല കുട്ടികൾക്കും കഴിയുന്നില്ല. പത്താം ക്ലാസിലെ മൂന്നു കുട്ടികളാണ് ഇവിടെ നിന്നും പഠിക്കുന്നത്. ഇതിൽ ഒരാളുടെ വിട്ടിൽ ഇതുവരെ ടെലിവിഷൻ എത്തിയിട്ടില്ല.
സാമൂഹ്യപരമായും വികസനകാര്യത്തിലും ഏറെ പിന്നിൽ നിൽക്കുന്ന പ്രദേശമാണ് പൊടിയക്കാല. സ്വന്തം സ്കൂളായ മീനാങ്കൽ സ്കൂളിലെ തന്നെ അധ്യാപകർ ഓൺലൈൻ വഴി പല ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസെടുത്തിട്ടും അതു കാണാനോ കണ്ടും കേട്ടും പഠിക്കാനോ ഭാഗ്യം ലഭിക്കാത്ത ഈ കുട്ടികളുടെ ദയനീയത അത്രമേൽ വലുതാണ്.
സ്വന്തം അധ്യാപകർ ഓൺലൈൻ വഴി ക്ലാസെടുത്ത കാര്യം പല കുട്ടികളും ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല. മിട്ടു പൂച്ചയേയും സായി ടീച്ചറേയും കുറിച്ച് ഒന്നാം ക്ലാസുകാരായ ഗോപികയോടും അനന്യയോടും ചോദിച്ചപ്പോൾ അവരൊക്കെ ആരാണെന്ന ചോദ്യമാണ് തിരിച്ചു ചോദിച്ചത്. സായി ടിച്ചറിന്റെ ക്ലാസ് മൊബൈൽ ഫോണിലൂടെ കാണിച്ചു കൊടുത്തപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ഭുതം.
കുറച്ചു നേരം കണ്ടപ്പോൾ അടുത്ത ചോദ്യം വന്നു. ഞങ്ങൾക്കും ഇതൊക്കെ ഉടൻ കാണാൻ പറ്റുമോ എന്നു കുട്ടികൾ. ഞങ്ങളുടെ കുട്ടികൾക്കും ഇതൊക്കൊ കണ്ടുപഠിക്കാൻ സൗകര്യമൊരുക്കുമോ എന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ ദൈന്യതയാർന്ന ചോദ്യം.
സംസ്ഥാനത്തെ പല ആദിവാസി ഊരുകളിലെയും കുട്ടികൾ ഒന്നാം ക്ലാസിലെ പഠനം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ രജിസ്റ്ററിലെ കണക്കുകളിൽ അവർ വിദ്യാർഥികളായിരിക്കും.
സ്കൂൾ തുറന്ന് 26 ദിവസം കഴിഞ്ഞിട്ടും ഓൺലൈൻ പഠനം എന്തെന്ന് അറിയാത്ത ഗോപികയേയും അനന്യയേയും പോലുള്ള ആയിരക്കണക്കിന് കുട്ടികൾ ഇപ്പോഴും സംസ്ഥാനത്തെ ആദിവാസി ഊരുകളിലുണ്ട്.