തിരുവനന്തപുരം: ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂറേക്കാലം കൂടി ഡിജിറ്റൽ പഠനം തുടരേണ്ടി വരുമെന്നും കോവിഡ് മൂന്നാം തരംഗം കഴിഞ്ഞാൽ എന്താകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കുറച്ചുകാലം കൂടി കോവിഡ് നമുക്കിടയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠപുസ്തകത്തിനൊപ്പം ഡിജിറ്റൽ ഉപകരണങ്ങളും വിദ്യാർഥികളിൽ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാർഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും.
ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഇന്റർനെറ്റ് നൽകാനും കണക്ടിവിറ്റി കൂട്ടാനും ശ്രമിക്കും. ഇതിനായി വിവിധ സ്രോതസുകളെ ഏകോപിപ്പിക്കുമെന്നും അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായായി മുഖ്യമന്ത്രി പറഞ്ഞു.