കെ. ഷിന്റുലാല്‍
കോഴിക്കോട് : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനിടെ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള സൈബര്‍ ചൂഷണങ്ങളും തട്ടിപ്പുകളും കുറയ്ക്കാന്‍ പോലീസ് ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി കുട്ടികളെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സൈബര്‍ സുരക്ഷാ വലയത്തിലാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
അഞ്ചു മുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളേയും അവരുടെ രക്ഷിതാക്കള്‍, സ്കൂള്‍ അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഫോംമുഖേനയാണ് ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നത്.
ഇന്റര്‍നെറ്റിനെ കുറിച്ചുള്ള അറിവുകള്‍ , എന്ത് ആവശ്യങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്, ഇന്റര്‍നെറ്റിലെ അപകടങ്ങളെ കുറിച്ച് ബോധവാന്മാരാണോ, എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നീ കാര്യങ്ങള്‍ സംബന്ധിച്ചാണ് ഗൂഗിള്‍ ഫോം മുഖേന സര്‍വേ നടത്തുന്നത്.
കോഴിക്കോടുള്‍പ്പെടെയുള്ള പോലീസ് ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ക്കാണ് സര്‍വേ ചുമതല. സര്‍വേ നടത്തുന്നതിനായി രണ്ടു ലിങ്കുകളും എല്ലാ സ്റ്റേഷനുകളിലേയും എസ്എച്ച്ഒമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യത്യസ്തമായാണ് വിവരം ശേഖരിക്കുന്നത്. അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരേയും തീരുമാനമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് ആഭ്യന്തരവകുപ്പ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുറന്ന സാഹചര്യത്തില്‍ തട്ടിപ്പിനുള്ള സാധ്യതയേറെയാണെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി.
അപരിചിതരായ സുഹൃത്തുക്കളായി ഓണ്‍ലൈനില്‍ എത്തുന്നതിനൊപ്പം കുട്ടികളുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരും ചിത്രവും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും തട്ടിപ്പ് സംഘം രംഗത്തുണ്ട്.
കുട്ടികളുമായി സൗഹൃദത്തിലായാല് ഇവരുടെ ഇ-മെയില്‍, വാട്സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ചോദിച്ചറിയും.
പിന്നീട് അശ്ലീല ഫോട്ടോകളും വീഡിയോകളും അശ്ലീല സൈറ്റുകളുടെ ലിങ്കുകളും അയച്ചു നല്‍കും. ഇതില്‍ വീഴുന്ന കുട്ടികളുമായി സ്വകാര്യ ചാറ്റ് നടത്തുകയും പിന്നീട് ഇവരുമായി വീഡിയോ കോളും മറ്റും നടത്തി റെക്കോഡ് ചെയ്തുമാണ് തട്ടിപ്പ് സംഘം വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നത്.