കൊച്ചി: ക്രിസ്മസ്- ന്യൂ ഇയര്‍ അവധി കവര്‍ന്നെടുത്തുകൊണ്ടുള്ള 21 ദിവസത്തെ തുടര്‍ച്ചയായ രാത്രികാല ഓണ്‍ലൈന്‍ പരിശീലനത്തിനെതിരേ ഹയര്‍ സെക്കൻഡറി പ്രിന്സിപ്പൽമാര്ക്കിടയില് പ്രതിഷേധം ശക്തമാകുന്നു.
സീമാറ്റ്- കേരള ആവിഷ്ക്കരിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫംഗ്ഷണല്‍ സ്കൂള്‍ ലീഡര്‍ഷിപ്പിന്റെ(സിപിഎഫ്എസ്എല്) ഭാഗമായ ചതുര്‍ദിന റസിഡന്‍ഷ്യല്‍ പരിശീലനം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനമാണ് ഇന്ന് തുടങ്ങുന്നത്. രാത്രി 7.30 മുതല്‍ 9.30 വരെയുള്ള ക്ലാസുകള്‍ ജനുവരി രണ്ടിനാണ് അവസാനിക്കുന്നത്.
സ്കൂള്‍ മേധാവി എന്ന നിലയിലുള്ള അറിവും നൈപുണ്യവും മെച്ചപ്പെടുത്താനാണ് പരിശീലനം നല്‍കുന്നതെന്നാണ് സീ മാറ്റ് കേരളയുടെ അറിയിപ്പിലുള്ളത്. സംസ്ഥാനത്ത് 393 ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാരും ഓണ്‍ലൈന്‍ ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നാണ് അറിയിപ്പ്.
കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ അവധിക്കാലം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിനു പിന്നിലുള്ളതെന്നാണ് ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്.
ഈ കാലയളവില്‍ സ്കൂളുകളില്‍ എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയ വിവിധ യൂണിറ്റുകളുടെ റസിഡന്‍ഷ്യല്‍ ക്യാമ്പുകളും സ്കൂളുകളില്‍ നടക്കുന്നുണ്ട്.
ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ സ്കൂളില്‍ ചെലവഴിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ രാത്രി പഠിക്കാനിരിക്കണമെന്നു പറയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രൈം ടൈമായ രാത്രി 7.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നെറ്റ് കണക്ഷന് പ്രശ്ന സാധ്യത ഉള്ളതിനാല്‍ ട്രെയിനിംഗ് കാര്യക്ഷമമാകാനും സാധ്യത കുറവാണെന്നും അധ്യാപകര്‍ പറയുന്നു.
അതേസമയം ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ നൂറു കണക്കിന് അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കാതെ ചുളുവില്‍ ട്രെയിനിംഗ് നടത്തിയെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രഹനമാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ മേഖലയില്‍ എന്തും ആകാമെന്ന ധാര്‍ഷ്ഠ്യം അംഗീകരിക്കാനാകില്ലെന്ന് എ എച്ച്എസ്ടിഎ ജനറല്‍ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
സീമ മോഹന്‍ലാല്‍