തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം രണ്ടാം അധ്യയനവര്‍ഷവും സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനത്തിലെ അപര്യാപത പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന.
കഴിഞ്ഞ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികളെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവായിരുന്നു.
നഗര പ്രദേശങ്ങളില്‍ കുഴപ്പങ്ങളില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നുണ്ടായിരുന്നെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് ലഭ്യത വളരെ കുറവായിരുന്നു.
ഇതുമൂലം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടത്.
മുഖ്യമന്ത്രി നേരിട്ട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.
സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ടാം വര്‍ഷത്തേക്ക് കടക്കുമ്പോഴും നിരവധി പരാതികളാണ് നിലനില്‍ക്കുന്നത്.ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയില്‍ ഇന്റര്‍നെറ്റ് വേഗക്കുറവു മൂലം 40 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് തടസമുണ്ടാകുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
14 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതിനാല്‍ പഠനത്തിന് തടസമുണ്ടാകുന്നുവെന്നും കണ്ടെത്തിയിരുന്നു. കൂടാതെ വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള കാരണങ്ങളാലും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സ്ഥിതിയുണ്ടായി.