മട്ടന്നൂർ(കണ്ണൂർ): സ്കൂളുകളിൽ ഓണ്‍ലൈൻ പഠനം തുടങ്ങിയതോടെ മട്ടന്നൂർ മേഖലയിൽ മൊബൈൽ നെറ്റ് വർക്ക് തകരാറും വേഗക്കുറവും വീണ്ടും പരാതികൾക്കിടയാക്കുന്നു.
ബിഎസ്എൻഎൽ ഉൾപ്പടെ മിക്ക കന്പനികളുടെ കണക്ഷനിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. പല ഉൾപ്രദേശങ്ങളിലും ഫോണിൽ റെയ്ഞ്ച് തന്നെ കിട്ടാറില്ല. ഇന്റർനെറ്റ് കണക്ഷനിലെ വേഗതക്കുറവ് ഗൂഗിൾ മീറ്റ് വഴിയും മറ്റുമുള്ള ക്ലാസുകളെ അവതാളത്തിലാക്കുന്നു.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്കൊപ്പം പല സ്കൂളുകളും ക്ലാസുകൾ റെക്കോർഡ് ചെയ്ത് വിദ്യാർഥികളിലെത്തിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവ കുട്ടികളിലെത്തിക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്.
നെറ്റ് കണക്ഷനിലെ പ്രശ്നം മൂലം ചില വിദ്യാർഥികളിലേക്ക് പാഠഭാഗങ്ങൾ എത്തിക്കാനാവാത്തത് അധ്യാപകരെയും വിഷമവൃത്തത്തിലാക്കുന്നു.
ഓണ്‍ ലൈൻ പഠനം നടത്തുന്ന വിദ്യാർഥികളോടൊപ്പം വർക് അറ്റ് ഹോം പ്രകാരം ജോലിചെയ്യുന്നവരെയും ഇത് ബുദ്ധിമുട്ടിലാക്കുകയാണ്.