മുക്കം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങി രണ്ടാഴ്ചയോള മായങ്കിലും കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിലെ പല പ്രദേശങ്ങളും ഇപ്പോഴും പരിധിക്ക് പുറത്താണ്.
പേരിന് നെറ്റ്വർക്ക് പല സ്ഥലങ്ങളിലും ലഭിക്കുന്നുണ്ടങ്കിലും ഇത് ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ അയക്കുന്ന പിഡിഎഫ് ഫയലുകൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ ചിലപ്പോൾ മണിക്കൂറുകൾ തന്നെ കാത്തിരിക്കണം.
പകൽ സമയങ്ങളിലേതിനേക്കാൾ രാത്രി സമയങ്ങളിലാണ് നെറ്റ് സ്പീഡ് കുറയുന്നത്. ഇതോടെ ഓണ്‍ ലൈന്‍ ക്ലാസുമായി മുന്നോട്ടു പോകാനാകാതെ വിദ്യാര്‍ഥികള്‍ വലിയ പ്രയാസത്തിലാണ്.
മലയോര, കുടിയേറ്റ മേഖലയിലെ നിരവധി പ്രദേശങ്ങളിലാണ് നെറ്റ്വര്‍ക്ക് ലഭിക്കാത്തത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്, മാവൂർ ഗ്രാമ പഞ്ചായത്തിലെ വളയന്നൂർ, കുറ്റിക്കടവ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടം പൊയിൽ,ചീങ്കണ്ണിപ്പാലി, കരിമ്പ്, അകമ്പുഴ, താഴെ കക്കാട്, പാമ്പുംകാവ് പ്രദേശങ്ങൾ, കൂടാതെ കൂടരഞ്ഞി പഞ്ചായത്തിലെ തന്നെ രണ്ട് മുതല്‍ ആറ് വരെയുള്ള വാര്‍ഡുകളിലും 10 ാം വാര്‍ഡിലും പീടികപ്പാറ, കല്പിനിതോട്, കൂട്ടക്കര, കാരാട്ടുപാറ, കൂരിയോട്, ആനയോട്, കരിങ്കുറ്റി മുണ്ടമല റോഡ്, പെരുമ്പൂള സ്രാമ്പി, പുന്നക്കടവ്, പെരുമ്പൂള നായാംടാംപൊയില്, വീട്ടിപാറ വഴിക്കടവ്,ഉറുമി, ഒറ്റപ്ലാവ്, കുളിരാമുട്ടി എന്നിവിടങ്ങളിലും നെറ്റ് വര്‍ക് പ്രശ്നമുളളതായി പരാതിയുണ്ട്.
തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കര ആദിവാസി കോളനിയില്‍ നെറ്റ്വര്ക് പ്രശ്നം രൂക്ഷമാണ്. പുന്നക്കല്‍ അങ്ങാടിയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇന്റര്‍ നെറ്റ് ലഭ്യമാകുന്നുളളൂ.
ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, കൊടക്കാട്ടുപാറ, തോട്ടുമുഴി, പുല്ലൂരാംപാറ ജോയി റോഡ്, പൊന്നാങ്കയം എന്നിവിടങ്ങളില്‍ നെറ്റ്വര്‍ക്ക് ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യാപകമായി പരാതിപ്പെടുന്നതായി അധ്യാപകര്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യയിലേക്ക് വിദ്യാലയം പഠനം മാറിയിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും നാട്ടിന്‍പുറങ്ങളിലെ പല വിദ്യാര്‍ഥികള്‍ക്കും ഈ പഠനം ഇപ്പോഴും അപ്രാപ്യമാണന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ് എന്നിവ അന്യമായ നിരവധി വീടുകളും ഉണ്ടിവിടെ. നിരവധി ആദിവാസി കോളനികളും എസ്.സി.കോളനികളുമുളള പ്രദേശമാണിത്.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികളുടെ പട്ടിക വിദ്യാലയ അധികൃതര്‍ നേരത്തെ ശേഖരിച്ച് എ.ഇ.ഒ, എസ്.എസ്.എ, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഇവ ലഭ്യമാക്കാനുളള നടപടികള്‍ പലയിടങ്ങളും വൈകുകയാണ്.
ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുളള പല പരിപാടികള്‍ക്കും വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറവാണെന്ന് അധ്യാപകര്‍ പറയുന്നു.അങ്കണവാടി കുട്ടികള്‍ മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ വരെ ഒരേ ദുരിതം അനുഭവിക്കുകയാണ്.
പീടികപ്പാറയില്‍ ബി.എസ്.എന്‍.എല്‍.ടവര്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണെന്നും പരാതിയുണ്ട്.റേഞ്ച് തേടി വിദ്യാര്‍ഥികള്‍ കുന്നിന്മണ്ടയിലും മറ്റും പോകുകയാണ്.
ആനയുള്‍പ്പെടെ വന്യമൃഗശല്യമുളള പ്രദേശമണിവ. നെറ്റ് വര്‍ക് തേടി കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതില് രക്ഷിതാക്കള്‍ ആശങ്കാകുലരാണ്.കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ജിഎൽപി, എ യു പി സ്കൂളുകളിലായി 15 ഓളം പേരാണ് പഠനത്തിനായി സ്മാർട്ട് ഫോണില്ലാതെ ദുരിതമനുഭവിക്കുന്നത്.