ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് മടുത്തു ! തുടര്‍ച്ചയായുള്ള ക്ലാസുകളും കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കാനാവാത്തതും പല കുട്ടികളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് നിരീക്ഷണം…

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കത്തില്‍ കിട്ടിയിരുന്ന സ്വീകാര്യത ഇപ്പോഴില്ലെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍.

ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കുന്നില്ലെന്ന് ഒട്ടുമിക്ക സ്‌കൂളുകളും വിലയിരുത്തുന്നു.

തുടക്കത്തില്‍ കുട്ടികള്‍ കൗതുകപൂര്‍വം ഇതിനോട് സഹകരിച്ചെങ്കിലും തുടര്‍ച്ചയായുള്ള ക്ലാസുകളും മറ്റ് അസൈന്മെന്റുകളും കുട്ടികളില്‍ വല്ലാതെ മടുപ്പുളവാക്കുകയാണ് ചെയ്തത്.

പിന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കുട്ടികളെ പിടിച്ചിരുത്തുന്ന രീതിയില്‍ ക്ലാസുകള്‍ എടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയാത്തതും കുട്ടികളില്‍ താല്‍പര്യമില്ലായ്മ സൃഷ്ടിക്കുന്നു.

ഇതു മാത്രമല്ല കൂട്ടുകാരോടൊത്ത് സമയം ചിലവിടാന്‍ പറ്റാത്തതും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്തതും കളിക്കാന്‍ പറ്റാത്തതുമെല്ലാം കുട്ടികളെ മൊബൈല്‍ ഫോണിന് അടിമയാക്കി.

ഇത്തരത്തില്‍ ഗെയിമുകളും മറ്റും കളിച്ച് പല കുട്ടികളുടെയും മനോനിലയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതായും നിരീക്ഷണമുണ്ട്.

ഓണ്‍ലൈന്‍ പഠനരീതി കൂടുതല്‍ ആകര്‍ഷകമാക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഈ പരിതസ്ഥിതി മറികടക്കാനാവൂ…

അതാത് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വീട്ടിനകത്ത് കുട്ടികളെ അടച്ചിടാതെ പറമ്പിലൂടെയും മറ്റും നടത്തുന്നതും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായകമാവും.

കുട്ടികളിലെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷനേടാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സമീപപ്രദേശത്തെ കുട്ടികളുമായി ചേര്‍ന്ന് വിനോദത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാക്കുക എന്നതും പ്രധാനമാണ്.

മൊബൈല്‍ നെറ്റ് കവറേജ് പലയിടത്തും ലഭിക്കാത്തതും ഓണ്‍ലൈന്‍ ക്ലാസിന് വിഘാതം സൃഷ്ടിക്കുകയാണ്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് രണ്ടും മൂന്നും മണിക്കുറുകള്‍ക്ക് ആവശ്യമുള്ള ഡാറ്റ യുടെ ചെലവ് താങ്ങാനും പ്രയാസമുണ്ട്.

അതുകൊണ്ടുതന്നെ പകുതി ദിവസങ്ങളില്‍ കുട്ടികള്‍ സ്‌കുളിലേക്ക് വരികയും പകുതി ദിവസങ്ങളില്‍ വീടുകളില്‍ നിന്നും ഓണ്‍ലൈന്‍ ക്ളാസുകള്‍ അറ്റന്‍ഡ് ചെയ്യുകയും മാത്രമേ ഇതിന് ഒരു പോംവഴിയുള്ളൂവെന്നാണ് പല വിദ്യാഭ്യാസ വിദഗ്ധരും പറയുന്നത്.

Related posts

Leave a Comment