ഹരിപ്പാട്: ലോക്ക്ഡൗണിനെത്തുടർന്ന് എസ്എസ്എൽസി പരീക്ഷ മാറ്റിവെച്ച സാഹചര്യത്തിൽ ഇനി നടത്താനുള്ള പരീക്ഷകളുടെ കാര്യത്തിലുള്ള രക്ഷാകർത്താക്കളുടേയും കുട്ടികളുടേയും ആശങ്കയകറ്റി ഒരു സർക്കാർ സ്കൂൾ.
കുട്ടികൾ പഠിച്ചത് എല്ലാം മറന്നു പോകുമോ, ഇനി ക്ലാസിൽ അറ്റൻഡ് ചെയ്യാൻ പറ്റുമോ എന്ന ആശങ്കയകറ്റി മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രാധാന അധ്യാപകനും മറ്റ് അധ്യാപകരും എസ്എംസി യും ചേർന്നു കുട്ടികൾക്കായി ഓണ്‍ലൈൻ ക്ലാസുകൾ നടത്തി അവരെ പരീക്ഷയ്ക്കു തയാറാക്കുകയാണ്.
181 കുട്ടികൾ പരീക്ഷ എഴുതുന്ന സ്കൂളിൽ പരമാവധി കുട്ടികൾക്ക് എ+ നേടിക്കൊടുക്കുകയും എല്ലാ കുട്ടികളെയും വിജയിപ്പിക്കുകയും വേണമെന്ന നിശ്ചയദാർഢ്യമാണ്് ഈ ഓണ്‍ലൈൻ ക്ലാസിനു പിന്നിൽ.
പാവപ്പെട്ട കയർ തൊഴിലാളികളും മത്സ്യ തൊഴിലാളികളും അധിവസിക്കുന്ന ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസ് എന്നത് പുതിയ ഒരു അനുഭവം തന്നെ ആയി. കന്പ്യൂട്ടറും ഇന്റർനെറ്റും പോലെ ഉള്ള സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളുടെ മൊബൈൽ ഫോണിലാണ് പ്രത്യേക ആപ്പ് ഡൗൺ ലോഡ് ചെയ്ത് ക്ലാസ് അറ്റൻഡ് ചെയ്തത്.
മൊബൈൽ ഫോണ്‍ സൗകര്യങ്ങൾ പോലും ഇല്ലാത്ത കുട്ടികളെ തങ്ങളുടെ അടുത്ത വീടുകളിലെ കുട്ടികളുമായി മാസ്ക് ധരിച്ച് പ്രത്യേക സാമൂഹിക സുരക്ഷയിൽ ക്ലാസ് അറ്റൻഡ് ചെയ്യാൻ ആവശ്യമായ നിർദേശങ്ങളും നൽകിയതായി പ്രധാന അധ്യാപകൻ അബ്ദുൽ ഹമീദ് പറഞ്ഞു.
കുട്ടികൾക്ക് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നതിനുള്ള സൗകര്യവും അധ്യാപകർക്ക് കുട്ടികളുടെ പഠനത്തിന് ആവശ്യമായ വഴി കാണിച്ചു കൊടുക്കുന്നതിനും ചിത്രങ്ങളും മറ്റും വരച്ചു കാണിക്കുന്നതിനുള്ള സൗകര്യങ്ങളും ഈ ആപ്പിൽ ഉണ്ട്.
കുട്ടികൾക്ക് അവരുടെ ക്ലാസിൽ എന്നവണ്ണം പരസ്പരം കാണുന്നതിനും ആശയ വിനിമയം നടത്തുന്നതിനും കഴിയുന്നു. ഇത് ഈ അവസരത്തിൽ കുട്ടികൾക്ക് മാനസികമായ ഒരു ഉണർവിനും കാരണമായെന്ന് എസ്എംസി ചെയർപഴ്സണ്‍ പ്രസീത കുമാരി അഭിപ്രായപ്പെട്ടു.
അധ്യാപകരെയും കുട്ടികളെയും ഉൾപ്പെടുത്തി ഓരോ ക്ലാസിനും പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുള്ളതിനാൽ കുട്ടികളെ ഓരോ ദിവസത്തെയും ക്ലാസിന്റെ സമയം, വിഷയം, തയാറാകേണ്ട പാഠഭാഗം എന്നിവ കൃത്യമായി അറിയിക്കാനും കഴിയുന്നു.
പൊതുവിദ്യാലയങ്ങളിൽ ഹൈടെക് സാങ്കേതിക വിദ്യയിൽ ഉണ്ടായ വളർച്ച തങ്ങളുടെ കുട്ടികൾക്കായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിലുള്ള സന്തോഷത്തിൽ ആണ് അധ്യാപകർ. എല്ലാത്തിനും സാങ്കേതിക സഹായവുമായി സ്കൂൾ ഐറ്റി കോ ഓർഡിനേറ്റർ ഷീബ ഒപ്പം ഉണ്ടെന്നു പ്രധാന അധ്യാപകൻ അഭിപ്രായപ്പെട്ടു.