മൂവാറ്റുപുഴ: ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസ് സേവനം ലഭ്യമാകുന്നില്ലെന്ന് പരാതി. വിദ്യാഭ്യാസ വകുപ്പ് ഒന്നു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ഓണ്‍ലൈൻ ക്ലാസിൽ ആദ്യദിനം തന്നെ ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽപ്പെട്ട കുട്ടികൾക്ക് ഇന്റർനെറ്റിന്റെ അപര്യാപ്തത മൂലം സേവനം ലഭിച്ചില്ല.
ഇടമലക്കുടി, കണ്ണംപടി, ചിന്നപ്പാറ, തലനിരപ്പൻകുടി തുടങ്ങിയ വിദൂര ഗ്രാമങ്ങളിലെയും ദേവികുളം താലൂക്കിലെയും വിവിധ കുടികളിൽ കഴിയുന്ന കുട്ടികൾക്കാണ് ഓണ്‍ലൈൻ ക്ലാസ് ലഭിക്കാതെപോയത്. മൂവായിരത്തോളം കുട്ടികൾക്ക് ഇടുക്കി ജില്ലയിൽ ഓണ്‍ലൈൻ ക്ലാസ് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ഓണ്‍ലൈൻ സംവിധാനം ലഭ്യമല്ലാത്ത ആദിവാസി കുടികളിലെ കുട്ടികളുടെ അധ്യയനത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി.