കൊട്ടാരക്കര: ഓൺലൈൻ ക്ലാസ് വഴി പഠിക്കണമെങ്കിൽ കുട്ടി പുരപ്പുറത്തു കയറണം. അല്ലെങ്കിൽ എതെങ്കിലും കുന്നിൻപുറത്തു പോകണം.
കിഴക്കൻ മേഖലയിലെ മിക്കയിടങ്ങളിലെയും സ്ഥിതി ഇതാണ്. വീടുകൾക്കുള്ളിൽ നെറ്റ് ലഭിക്കാത്തതും ലഭിച്ചാൽ തന്നെ വേഗതയില്ലാത്തതും ഇടയ്ക്കിടക്ക് മുറിഞ്ഞുപോകുന്നതുമാണ് കാരണം.
ഓൺലൈൻ പഠനം സാർവത്രികമായതോടെ വിദ്യാർഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണ്. സമതല പ്രദേശങ്ങളിൽ പോലും നെറ്റിന്റെ ലഭ്യത പരിമിതമാണ്.
താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതി ദയനീയവും. മക്കൾക്ക് നെറ്റ് കണക്ഷനുള്ള മൊബൈയിൽ ഫോൺ പ്രയാസങ്ങൾക്കിടയിൽ വാങ്ങി നൽകിയിട്ടും പ്രയോജനമില്ലെന്നാണ് രക്ഷകർത്താക്കൾ പരിതപിക്കുന്നത്.
വീടുകളുടെ ടെറസിനു മുകളിലോ ഉയർന്ന പ്രദേശങ്ങളിലോ കയറിയാൽ ചിലപ്പോൾ നെറ്റ് ലഭ്യമാകും. ഇതിനായി ചില പ്രത്യേക സ്ഥലങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട് മിടുക്കൻമാരും മിടുക്കികളും. പക്ഷേ മഴയായാൽ ഇതൊന്നും നടക്കില്ല.
ബിഎസ്എൻഎൽ കണക്ഷനുള്ളവരുടെ സ്ഥിതി പരമദയനീയമാണ്. നെറ്റും ഫോണും കിട്ടുക പ്രയാസം. പരാതിപ്പെട്ടാൽ പരിഹാര നടപടികളുമില്ല.
ഇതു മൂലം ബിഎസ്എൻഎൽനെ ഏതാണ്ടുപേക്ഷിച്ചിരിക്കുകയാണ് ഉപഭോക്താക്കൾ. ഭൂരിപക്ഷം പേരും ഇപ്പോൾ സ്വകാര്യ സേവനദാതാക്കളെയാണ് ആശ്രയിക്കുന്നത്.
എന്നാൽ ഇവരുടെ സേവനവും ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്നില്ല. നെറ്റ് ലഭിക്കാൻ വിവിധ സ്വകാര്യ കമ്പനികളുടെ വ്യത്യസ്ത സിമ്മുകൾ പലരും ഉപയോഗിച്ചു വരുന്നു.
ഇതാനായി അധിക പണം മാസം തോറും ചിലവഴിക്കേണ്ടതായും വരുന്നുണ്ട്. കുട്ടികളുടെ പഠന കാര്യമായതിനാൽ അവരുടെ ആവശ്യം നിരാകരിക്കാനും രക്ഷിതാക്കൾക്കു കഴിയുകയുമില്ല.
ഇങ്ങനെ പണം മുടക്കിയാലും പ്രയോജനമില്ലെന്നതാണ് ദയനീയം. നെറ്റ് ലഭ്യത ഉറപ്പു വരുത്താതെയുള്ള ഓൺലൈൻ പഠനം വിജയപ്രദമാകില്ല.
ഇവ രണ്ടും ഒപ്പം ചേർത്തുവെച്ചാലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ മക്കൾക്ക് വീട്ടിൽ കസേരയിലിരുന്ന് പഠനം സാധ്യമാകു.
നൂതന പഠന സമ്പ്രദായം ജനാധിപത്യപരമായില്ലെങ്കിൽ ഗ്രാമീണ മേഖലകളിലെ വലിയൊരു വിഭാഗം കുട്ടികൾ പഠനമേഖലയിൽ നിന്നും പുറന്തളളപ്പെടും.
വിദ്യാഭ്യാസ മേഖലയിൽ നാം നേടിയ പുരോഗതിയെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും. സാങ്കേതിക വിദ്യയെ കൈയ്യടക്കാൻ ശേഷിയുള്ള സാമ്പത്തിക ന്യൂനപക്ഷത്തിന്റേതു മാത്രമാകും ഉന്നത വിദ്യാഭ്യാസം.