മുണ്ടക്കയം: മൊബൈൽ ഫോണുകൾ പരിധിക്കു പുറത്തായതോടെ വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയിൽ. ഓൺലൈൻ പഠനം മുടങ്ങുന്നതാണ് കാരണം.
പഞ്ചായത്ത് പത്താം വാർഡായ പശ്ചിമ പുളിക്കൽ കവലയ്ക്ക് സമീപ പ്രദേശങ്ങളിലാണ് മൊബൈൽ ഫോണുകൾക്ക് സിഗ്നൽ ഇല്ലാത്തത്. ഇതോടെ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഉയർന്ന സ്ഥലങ്ങളിലെ റബർ തോട്ടങ്ങളിൽ ഇരുന്നാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ കോളജ് വരെയുള്ള ഇരുപതിലധികം കുട്ടികൾ ഈ മേഖലയിൽ ഉണ്ട്. കോളജ് വിദ്യാർഥികൾക്ക് ഓൺലൈൻ വീഡിയോ കോൺഫറൻസ് വഴിയാണ് ക്ലാസ്. ഇതിൽ പലപ്പോഴും ഇവിടെയുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ല.
പല കമ്പനികളുടെ സിം കാർഡുകൾ മാറ്റി പരീക്ഷിച്ചെങ്കിലും ഒന്നിനും ഈ പ്രദേശത്ത് സിഗ്നൽ ഇല്ല. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.