തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈൻ ക്ലാസെടുക്കുന്ന അധ്യാപകരെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും അവരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
വിക്ടേഴ്സ് ചാനൽ അധികൃതർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ക്ലാസെടുക്കുന്ന അധ്യാപികമാർക്കെതിരെ അശ്ലീലം കലർന്ന വിധത്തിലുള്ള അപവാദ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സൈബർസെൽ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള പോലീസ് ഫെയ്സ്ബുക്കിലൂടെയും അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല.
നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.
കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളിലും മറ്റും ക്ലാസുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ലാസുകൾ വഴി പഠനം നടക്കുകയാണ്.
ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.