കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിന്റെ വികസനത്തിന് കുതിപ്പേകി ജില്ലയിൽ ആദ്യത്തെ ഇൻഡസ്ട്രിയൽ കം ഓൺ ലൈൻ എക്സാമിനേഷൻ സെന്റർ കെട്ടിട നിർമാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കോയിലോട് ഉള്ള മുപ്പത് സെന്റ് സ്ഥലത്താണ് ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവിൽ ഇൻഡസ്ട്രിയൽ കം ഓൺ ലൈൻ എക്സാമിനേഷൻ സെന്റർ നിർമിക്കുന്നത്.
ജില്ലയിൽ ആദ്യമായി റാപ്പിഡ് കൺസ്ട്രക്ഷൻ ടെക്നോളജി ഉപയോഗിച്ച് ഗ്ലാസ് ഫൈബർ റീ ഇൻഫോസിസ് ജിപ്സം പാനൽ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ എഫ്ആർബിഎല്ലിന്റെ മേൽ നോട്ടത്തിലാണ് കെട്ടിടം നിർമിക്കുന്നത്.
ചെങ്കല്ല് ഉപയോഗിച്ച് ചുവരുകൾ നിർമിക്കുന്നതിന് പകരം ജിഎഫ്ആർജി പാനൽ ഉപയോഗിച്ചാണ് ചുവരുകൾ നിർമിക്കുന്നത്.നിർമാണത്തിന് വേഗതയേറും എന്നതിനു പുറമെ നിർമാണ ചെലവും കുറവാണ്. ഈ പാനൽ ഉപയോഗിച്ച് നിർമാണം നടത്തുമ്പോൾ കെട്ടിടത്തിനകത്ത് ചൂട് കുറയുകയും 5.6 റിക്ടർ സ്കെയിൽ വരെയുള്ള ഭൂകമ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
സർക്കാറിനു കീഴിൽ ജില്ലയിൽ നിർമിക്കുന്ന ആദ്യത്തെ ഓൺലൈൻ എക്സാമിനേഷൻ സെന്ററാണ് മാങ്ങാട്ടിടത്ത് നിർമിക്കുന്നത്. ഒരേ സമയം 150 പേർക്ക് ഇരുന്ന് പരീക്ഷയെഴുതാനാകും. ഇരു നില കെട്ടിടത്തിന്റെ മുകൾനിലയിലാണ് സെന്റർ സ്ഥാപിക്കുന്നത്. താഴെ വ്യാവസായിക സംരംഭങ്ങൾക്കുള്ള മുറികളാണ്. അടുത്ത മാസം അവസാനത്തോടെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകും.