കോഴിക്കോട്: തീൻമേശയിലെത്തുന്ന മത്സ്യത്തിൽ വിഷാംശം കണ്ടെത്താൻ തുടങ്ങിയതോടെ ഓൺലൈൻ മത്സ്യവിപണിക്ക് വൻ സ്വീകാര്യത. മത്സ്യവിൽപ്പന മേഖലയിൽ ഓൺലൈൻ ശൃംഖല നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും കേരളത്തിൽ ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.
മാർക്കറ്റിൽ നിന്ന് നേരിട്ട് മത്സ്യം വാങ്ങി വീട്ടിൽ കൊണ്ടുപോയി കറി വയ്ക്കുന്ന മലയാളിയുടെ തനത് രീതിയെ മറികടക്കാൻ മുന്പ് ഓൺലൈൻ വിപണിക്ക് ആയിരുന്നുമില്ല. എന്നാലിപ്പോൾ കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. മറ്റെല്ലാ മേഖലയിലും വ്യക്തമായ സ്വാധീനമുറപ്പിച്ച ഓൺലൈൻ വിപണി മത്സ്യക്കച്ചവടത്തിലും ഇപ്പോൾ അരങ്ങുതകർക്കുകയാണ്.
മാർക്കറ്റിൽ നിന്ന് വാങ്ങുന്നവയേക്കാൾ ശുദ്ധമായ മത്സ്യം ഓൺലൈൻ വിപണിയിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഒന്നാകെ ഓൺലൈൻ മത്സ്യവിപണിക്ക് പുറകേ ഓടുന്നത്. മറ്റു ഉത്പന്നങ്ങളെ പോലെ ഓൺലൈൻ മത്സ്യവിപണിയിൽ പരസ്യം കൂടി വരുന്നതിനാൽ ജനങ്ങളെ വിശ്യാസ്യത്തിലെടുക്കാനും ഇവർക്ക് സാധിക്കുന്നുണ്ട്.
ശുദ്ധമായ മത്സ്യം ശുദ്ധമായ ഐസിൽ സൂക്ഷിക്കുന്നു എന്ന ഒറ്റ വാചകം മാത്രമാണ് ജനങ്ങളെ ഓൺലൈൻ വിപണി ആകർഷിക്കുന്നത്. ഇതിന് പുറമെ മത്സ്യംവെട്ടി വൃത്തിയാക്കി വീട്ടിലെത്തിച്ചു തരുന്നുവെന്നതും ജനങ്ങളെ ആകർഷിക്കുന്നുണ്ട്. തങ്ങൾ മത്സ്യം അധിക സമയം സൂക്ഷിക്കാറില്ലെന്നും ഓർഡറിന് അനുസരിച്ച് പെട്ടെന്ന് തന്നെ ശേഖരിച്ചവ വീടുകളിൽ എത്തി നൽകുകയാണ് ചെയ്യുന്നതെന്ന് ഓൺലൈൻ സ്റ്റോർ ഉടമകൾ പറയുന്നു.
മത്സ്യങ്ങൾ സൂക്ഷിക്കാൻ മിക്ക സ്ഥാപനങ്ങളും അവിടെ തന്നെ ഐസ് ഉത്പാദിപ്പിക്കുകയാണെന്നും അവർ പറയുന്നു. നഗരത്തിലെ മിക്ക ഓൺലൈൻ മത്സ്യസ്റ്റോറുകളിലേക്കും ചാലിയം, ബേപ്പൂർ, പുതിയാപ്പ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം എത്തുന്നത്. ട്രോളിംഗ് നിരോധിച്ചതിനാൽ പരമ്പരാഗത വള്ളങ്ങളിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളാണ് വിപണിയിലേക്ക് വരുന്നത്.
ട്രോളിംഗ് നിരോധിച്ചതും മോശം കാലാവസ്ഥയും മത്സ്യ ലഭ്യതയെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.കടൽ ക്ഷോഭിച്ചിരുന്നതിനാൽ പരമ്പരാഗത വള്ളങ്ങൾക്ക് പോലും കടലിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എന്നാൽ മത്സ്യലഭ്യത കുറയാതിരിക്കാൻ ഓൺലൈൻ സ്റ്റോറുകൾ ആന്ധ്രപ്രദേശ് ഒഴികെയുള്ള മറ്റു ഹാർബറുകളിൽ നിന്ന് മത്സ്യങ്ങൾ എത്തിക്കുന്നുമുണ്ട്.