കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയത്തും സമീപ പ്രദേശങ്ങളിലും ഓണ്‍ലൈനിലുടെയുള്ള ഭക്ഷണ വിതരണത്തിനു ഡിമാൻഡ് വർധിച്ചു.മൊബൈൽ ആപ്പിൽ കയറി ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്താൽ നിമിഷങ്ങൾക്കകം ബൈക്കിൽ യൂണിഫോം ധരിച്ച യുവാക്കൾ ഭക്ഷണവുമായി വീട്ടിലെത്തും.
കോട്ടയം നഗരത്തിൽ രാവിലെ മുതൽ രാത്രി വരെ ഇത്തരത്തിലുള്ള ബൈക്കുകൾ തലങ്ങും വിലങ്ങും പായുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്. നിയന്ത്രണദിവസങ്ങളിലും തിരക്കൊഴിഞ്ഞ നഗരത്തിൽ നിറഞ്ഞു നിൽക്കുന്നതും ഓണ്‍ലൈൻ ഭക്ഷണ ഡെലിവറിക്കാരാണ്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പട്ടണങ്ങളിലെ റസ്റ്ററന്റുകളും ഭക്ഷണ വിതരണ കന്പനികളും അവസരം മുതലെടുത്തപ്പോൾ ഇത്തവണ ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകളും ഓണ്‍ലൈൻ ഭക്ഷണവിതരണം ആരംഭിച്ചു കഴിഞ്ഞു.സൊമാറ്റോ, സ്വിഗി എന്നിവയാണ് കോട്ടയത്ത് ഹോം ഡെലിവറി നടത്തുന്നത്.
കൂടാതെ ഏതാനും ചില ഹോട്ടലുകൾക്കും സ്വന്തമായി ഡെലിവറി സംവിധാനമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം. പണം ഓണ്‍ലൈനായിട്ടാണു കൂടുതലും സ്വീകരിക്കുന്നത്.കോട്ടയം ടൗണിലും പരിസരപ്രദേശത്തുമായി മുന്നൂറിൽപ്പരം ആളുകൾ ഓണ്‍ലൈൻ ഭക്ഷ്യവിതരണ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
ആദ്യ കോവിഡ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടവർക്കും കോവിഡ് രണ്ടാം വരവിൽ എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ടവർക്കും ആശ്വാസമായി മാറുകയാണ് ഓണ്‍ലൈൻ ഭക്ഷണവിതരണ മേഖല.ലോക്ഡൗണിനുശേഷം ജോലി നഷ്ടപ്പെട്ട നിരവധിപേർ ഓണ്‍ലൈൻ ഭക്ഷണ വിതരണത്തിലേക്ക് എത്തി.
വിദേശത്തുനിന്നു തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തിയവർ, വിദ്യാർഥികൾ, പ്രഫഷണൽസ്, പാർട്ടൈം ജോലിക്കാർ തുടങ്ങി നിരവധിയാളുകൾ ഇന്ന് ഈ മേഖലയിലുണ്ട്. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഇരുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്.
രാവിലെ മുതൽ രാത്രിവരെ ജോലിചെയ്യുന്ന ഒരാൾക്ക് 1,000 രൂപ വരെ ദിവസം ലഭിക്കുന്നുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ഹോട്ടലുകളെയും ഉൾപ്പെടുത്ത് റെസോയി എന്ന ആപ്പിൽ ഭക്ഷണം വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.