കോട്ടയം: ഹോട്ടലുകളിലും ബേക്കറികളിലും ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷണ വിതരണം ഓണ്‍ലൈനാക്കിയതോടെ പഴക്കം ചെന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നതു വ്യാപകമാകുന്നതായി പരാതി.
ഓണ്‍ലൈനിലൂടെയും നേരിട്ടെത്തിയും ഭക്ഷണം വാങ്ങുന്നവർ വീടുകളിലെത്തി കഴിക്കുന്പോഴാണ് ഗുണനിലവാരമില്ലാത്തതാണെന്നു മനസിലാകുന്നത്. പോലീസിന്റെ നിയന്ത്രണമുള്ളതിനാൽ പുറത്തിറങ്ങാനാവാത്തതിനാൽ പരാതിപ്പെടാതെ കുഴയുകയാണ് ഗുണഭോക്താക്കളും.
പരാതി സംബന്ധിച്ചു ഫോണിൽ വിളിച്ചു പറയുന്നുണ്ടെങ്കിലും ഉടമകളുടെ ഭാഗത്തു നിന്നു പലപ്പോഴും അനുകൂലമായ പ്രതികരണം ഉണ്ടാകാറില്ലെന്നും ഇവർ പറയുന്നു. സർക്കാർ സംവിധാനവും സേവന രംഗത്തുള്ള സംഘടനകളും വ്യക്തികളും മെച്ചപ്പെട്ട ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്പോഴാണ് ഇവരുടെ പകൽകൊള്ള.
ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ മറവിൽ ബേക്കറി, ഹോട്ടലുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാമെന്ന അനുകൂല സ്ഥിതിയാണ് ഇവർ ചൂഷണം ചെയ്യുന്നത്. ഈ സാഹചര്യത്തി ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന കർശനമാക്കണമെന്നുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.