തൃശൂർ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് ഓണ്ലൈൻവിപണിയും സജീവം. കടകളിൽ ജഴ്സിയും കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്പോൾ ഓണ്‍ലൈൻ വിപണി വ്യത്യസ്തമാണ്.
ഓരോ ഓണ്‍ലൈൻ സൈറ്റുകളും വ്യത്യസ്തമായ സ്പെഷൽ ഉത്പന്നങ്ങളുമായാണ് ലോകകപ്പിനെ വരവേൽക്കുന്നത്. ലോകകപ്പ് ഫുട്ബോളിനെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചുമുള്ള വിവിധ പുസ്തകങ്ങൾ ഓണ്‍ലൈനിൽ വില്പനയ്ക്കെത്തിയിട്ടുണ്ട്.
ലോകകപ്പ് ഫുട്ബോൾ ചരിത്രവും ചരിത്രനിമിഷങ്ങളും കൗതുക വിശേഷങ്ങളുമായി ലോകകപ്പ് സ്പെഷൽ ഗൈഡ്, 1930 മുതൽ 2018 വരെയുള്ള ഫുട്ബോളിന്റെ സചിത്രവിവരണത്തോടെയുളള ചരിത്രപുസ്തകം, റൊണാൾഡോ-മെസി എന്നിവരെക്കുറിച്ചുളള ക്രിസ്റ്റ്യാനോ ആൻഡ് ലിയോ എന്ന പുസ്തകം, പ്രമുഖ താരങ്ങളുടെ ആത്മകഥകൾ, ജീവചരിത്രങ്ങൾ എന്നിവയെല്ലാം ഓണ്‍ലൈൻ സൈറ്റുകളിൽനിന്ന് വാങ്ങി വായിക്കാം.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ചാണ് ഫുട്ബോൾ പുസ്തകങ്ങൾ ഓണ്‍ലൈൻ വിപണിയിൽ ഇടം പിടിച്ചിരിക്കുന്നത്. വിലക്കുറവിന്റെ ആഘോഷവും സൈറ്റുകളിൽ കാണാം.
വൈവിധ്യമാർന്ന ലോകകപ്പ് സ്പെഷൽ കീചെയിനുകളാണ് ഓണ്‍ലൈനിലെ മറ്റൊരു ആകർഷണം. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പതാകകളുടെ നിറങ്ങളോടു കൂടിയ കീചെയിനുകൾ, ഫുട്ബോളിന്റെ ആകൃതിയിലുളളവ, താരങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കീചെയിനുകൾ എന്നിവ കൗതുകം നിറഞ്ഞവയാണ്.പ്രമുഖ താരങ്ങളുടെ പ്രശസ്തമായ വാക്കുകളും കയ്യൊപ്പുമെല്ലാം രേഖപ്പെടുത്തിയ ടീ കപ്പുകളാണ് ഓണ്‍ലൈൻ വിപണിയിലെ മറ്റൊരു ലോകകപ്പ് സ്പെഷൽ ആകർഷണം.
ലോകകപ്പ് സ്പെഷൽ ലോക്കറ്റുകൾ അഥവാ പെൻഡന്റുകൾ മത്സരത്തിനെത്തുന്ന രാഷ്ട്രങ്ങളുടെ പതാകകളുടേതാണ്. സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ ഉത്പന്നം ഓണ്‍ലൈൻ വിപണിയിലെത്തിയിരിക്കുന്നത്.
മാലകളുടെ അറ്റത്തു കോർത്തിടാവുന്ന തരത്തിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ സ്പെഷൽ വാച്ചുകളാണ് ഓണ്‍ലൈൻ വിപണിയിലുള്ളത്. വിവിധ രാജ്യങ്ങളുടെ ജേഴ്സികളുടെ നിറങ്ങളിലുള്ള ആകർഷകമായ സ്ട്രാപ്പുകളാണ് ഏറെ ആകർഷകമായിട്ടുള്ളത്.
ഇഷ്ട ടീമിന്റെ ജഴ്സികൾക്കൊപ്പം ഈ സ്ട്രാപ്പും വാച്ചുകളും പുതിയ ട്രെൻഡാകുന്നുണ്ട്. കൂളിംഗ് ഗ്ലാസുകളിലും ഇഷ്ട ടീമുകളുടെ ജഴ്സിയുടെ നിറങ്ങൾ കാണാം. ജഴ്സികൾ, ടീഷർട്ടുകൾ എന്നിവയും സൈറ്റുകളിൽ ഓഫറുകളോടെ വില്പനയ്ക്കുണ്ട്.ഇത്തരത്തിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് വിവിധ ഓണ്‍ലൈൻ സൈറ്റുകളിൽ വില്പനയ്ക്കെത്തിയിരിക്കുന്നത്.