ആലുവ: സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട വിദേശികൾ പണം തട്ടിയെടുക്കുന്നത് വർധിച്ച് വരുന്നതായി റൂറൽ പോലീസ് റിപ്പോർട്ട്.
കേരളത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി അതിസമ്പന്നനായ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധം ആരംഭിക്കുന്നത്.
ഇത് തട്ടിപ്പിന് വഴിയൊരുക്കലാണെന്നും ജാഗ്രത വേണമെന്നും ജില്ലാ മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകി.
മാന്യമായ പെരുമാറ്റം, ആകർഷകമായ സംസാരരീതി എന്നിവയിലൂടെ നിരന്തരം വീഡിയോ കോൾ ചെയ്ത് ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുക.
അതിസമ്പന്നനാണെന്ന് ധരിപ്പിക്കാനായി വലിയവീടും എസ് സ്റ്റേറ്റുകളും ഓൺലൈനിലൂടെ കാണിക്കുന്നതാണ് അടുത്ത രീതി.
ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയതിൽ ഏവരും അഭിമാനം കൊള്ളുകയും ചെയ്യും.
ഇനിയാണ് തട്ടിപ്പ് മറ നീക്കി പുറത്തു വരുന്നത്. എഫ്ബി ഫ്രണ്ടിന്റെ ഒറ്റ ചോദ്യം. ‘ ഞാനൊരു സമ്മാനമയച്ചാൽ സ്വീകരിക്കുമോ?’ വാച്ചുകൾ, രത്ന മോതിരം, കാമറ, മൊബൈൽ ഫോൺ…. അങ്ങനെ വലിയൊരു പായ്ക്ക്… കടയിൽ നിന്നു വാങ്ങുന്നതു മുതൽ അയയ്ക്കുന്നതു വരെയുള്ള നിശ്ചല, വീഡിയോ ചിത്രങ്ങൾ കാണിച്ചിട്ടാണീ ചോദ്യം.
നൂറുവട്ടം സമ്മതമുള്ള മലയാളി തന്റെ പൂർണ മേൽവിലാസം കൈമാറുകയും ചെയ്യും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ നിന്ന് മെസേജ്. നിങ്ങൾക്ക് കൊറിയർ വന്നിട്ടുണ്ട്.
ട്രാൻസ്ഫർ ചെയ്യാൻ 200 ഡോളർ അടയ്ക്കണം. തുക ഡോളറാക്കി അടയ്ക്കാൻ കേരളത്തിലെ ഫ്രണ്ടിന് മടിയുമില്ല.
മാത്രമല്ല സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്ന് ട്രൂ കോളറിൽ തെളിയുന്നതോടെ വിശ്വാസം വർധിക്കുകയായി.
ലക്ഷങ്ങളുടെ സമ്മാനമല്ലേ വന്നിരിക്കുന്നത് പറയുന്ന നികുതികൾ അടയ്ക്കാൻ മടി കാണിക്കാതെയാണ് ഓരോന്നും അടയ്ക്കുന്നത്.
ജിഎസ്ടി, കസ്റ്റംസ്, ഇൻകം ടാക്സ് തുടങ്ങിപല തട്ടിലാണ് തുക തട്ടിയെടുക്കുന്നത്.
പിന്നീടാണ് തന്റെ പേരിൽ പാർസൽ ഇല്ലെന്നും ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായും തിരിച്ചറിയുന്നത്. പ്രതീക്ഷിച്ച പണം ലഭിച്ചു കഴിഞ്ഞാൽ ഈ സംഘം പൊടി തട്ടിപ്പോവുകയും ചെയ്യും.
ജപ്പാൻ, യുകെ എന്നിവയടങ്ങളിൽ നിന്നടക്കം ഇത്തരം നിരവധി പരാതികൾ റൂറൽ ജില്ലയിൽ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ഗൂഗിൾ ട്രാൻസ്ലേഷൻ ഉപയോഗിച്ച് ഇംഗ്ലീഷിൽ ആശയ വിനിമയം ചെയ്യുന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്.
വിദ്യാഭ്യാസവും ലോക പരിചയവുമുള്ളവർ പോലും ഇത്തരം തട്ടിപ്പിൽപ്പെട്ടു പോകുന്നു.
പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ മുൻകരുതലെന്നും എല്ലാ വ്യക്തിപരമായ വിവരങ്ങളും പങ്കുവയ്ക്കരുതെന്നും പോലീസ് പറയുന്നു.