ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തുന്ന രീതികളറിഞ്ഞാൽ ആരും അദ്ഭുതപ്പെട്ടുപോകും. തട്ടിപ്പിന്റെ രീതി ആളുകൾക്കു മനസിലായിത്തുടങ്ങി എന്നു കാണുമ്പോൾ പുതിയ തന്ത്രം ഇറക്കും. ക്രെഡിറ്റ് കാര്‍ഡ്, കെവൈസി, ഇന്‍വെസ്റ്റ്മെന്റ്, ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍, പാര്‍ട്ട് ടൈം ജോബ് സ്കാം, കൊറിയര്‍ സ്കാം, ഓണ്‍ലൈന്‍ ലോട്ടറി, റൊമാന്‍സ് സ്കാം, മാട്രിമോണിയല്‍ സ്കാം, ക്രിപ്റ്റോ കറന്‍സി സ്കാം, ലോണ്‍ ആപ്പ്, സെക്സ്റ്റോര്ഷന് എന്നിങ്ങനെ നീളുന്നു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയോടെ ഇടപെട്ടില്ലെങ്കിൽ പണം നഷ്ടം മാത്രമല്ല, മാനഹാനിയും സംഭവിച്ചേക്കാം.
വീട്ടിലിരുന്ന് സമ്പാദിച്ചാൽ
പലപ്പോഴും കാണുന്ന പരസ്യങ്ങളിലൊന്നാണ് “വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം’ എന്നുള്ളത്. വീട്ടമ്മമാരും മറ്റു ചെറുകിട ജോലിയുള്ളവരുമൊക്കെ ഈ പരസ്യത്തിൽ വീഴാറുണ്ട്. ഇങ്ങനെ വരുന്ന പരസ്യങ്ങളിൽ കള്ളനാണയങ്ങളുണ്ട് എന്നോർത്തിരിക്കുക. ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഉള്ള സന്പാദ്യം കൂടി പോകുമെന്നതാണ് പലരുടെയും അനുഭവം. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം ജോലി വാഗ്ദാനങ്ങളിലേറെയും എത്തുന്നത്.
മൊബൈൽ ഫോണിലേക്കു സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. നമ്മൾ ഇവരുടെ പദ്ധതിയിൽ ചേർന്നുകഴിഞ്ഞാൽ ആദ്യം ചെറിയ ജോലികൾ നൽകും. അതിനു പ്രതിഫലവും ലഭിച്ചേക്കാം. ഇതോടെ വലിയ ടാസ്കുകൾ ഏറ്റെടുക്കാൻ ആളുകൾ സന്നദ്ധരാകും. പുതിയ ടാസ്കുകൾ കിട്ടാൻ ചെറിയ ഫീസ് അടയ്ക്കേണ്ടി വരുമെന്നു തട്ടിപ്പുകാർ പറയും. വലിയ ടാസ്ക് കിട്ടിയാൽ കൂടുതൽ പ്രതിഫലം കിട്ടുമല്ലോയെന്ന പ്രതീക്ഷയിൽ ഫീസ് അടച്ചു പലരും ടാസ്കുകൾ ഏറ്റെടുക്കും. എന്നാൽ, ജോലി ചെയ്തു തീർത്താലും പ്രതിഫലം കിട്ടില്ല. ഇത്തരത്തില്‍ എറണാകുളം കതൃക്കടവ് സ്വദേശിനിക്ക് ഒന്നര ലക്ഷം രൂപയും വടുതല സ്വദേശിക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയും അടുത്ത കാലത്തു നഷ്ടപ്പെട്ടു.
ജോലികൾ ഇഷ്ടംപോലെ!
പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പായ്ക്കിംഗ് ജോലിയുടെ പേരു പറഞ്ഞുള്ള തട്ടിപ്പായിരുന്നു അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒന്ന്. ഇത്തരം പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പറും ഉണ്ടാകും. പല പോസ്റ്റുകളിലും പല നമ്പറുകള്‍ ആണ് ഇവർ കൊടുക്കുന്നത്. ഉയർന്ന ശമ്പള വാഗ്ദാനം കണ്ട് ജോലിക്കു വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോടു ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന് ഫീസ് ആവശ്യപ്പെടും.
തുടർന്നു ഫോട്ടോ നൽകാൻ പറയും. അപ്പോൾ കമ്പനിയുടേതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേൽവിലാസം വെരിഫിക്കേഷൻ, കൊറിയർ ചാർജ് എന്നിങ്ങനെ പറഞ്ഞു പണവും ഈടാക്കും. നടരാജ് പെന്‍സിലിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകള്‍ വ്യാജമാണെന്നും കന്പനിയുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വാട്ട്സാപ് കെണി
അറിഞ്ഞും അറിയാതെയും ഹണിട്രാപ്പില്‍ അകപ്പെട്ടു പണം പോകുന്നവരുടെ എണ്ണവും പെരുകുന്നു. ഒരൊറ്റ വാട്ട്സാപ് കോൾ മതി നിങ്ങളെ ട്രാപ്പിലാക്കാൻ. വീഡിയോ കോളുകളാണ് അപകടകാരി. അജ്ഞാത നമ്പറുകളിൽ നിന്ന് എത്തുന്ന വീഡിയോ കോളുകളെ സൂക്ഷിക്കണം.
കഴിവതും ഇത്തരം വീഡിയോ കോളുകൾ എടുക്കരുത്. നമ്മൾ കോൾ അറ്റൻഡ് ചെയ്താൽ ഉടൻ മറുവശത്തു വിളിക്കുന്നവർ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്ക്രീന്‍ റിക്കാര്‍ഡ് എടുക്കുകയും ചെയ്തേക്കാം. ഈ സ്ക്രീൻ റിക്കാർഡ് കണ്ടാൽ നഗ്നത പ്രദർശിപ്പിച്ച ആളുമായി ഫോൺ ഉടമ ചാറ്റ് നടത്തിയെന്ന പ്രതീതിയാണ് ഉണ്ടാവുക.
ഇതുവച്ചു ഫോണുടമയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അടുത്തപടി. വിളിക്കുന്നതിനു മുന്‍പുതന്നെ നിങ്ങളുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങളും തട്ടിപ്പുകാർ ശേഖരിച്ചിട്ടുണ്ടാകും. പണം അയച്ചു തന്നില്ലെങ്കിൽ ഈ വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പലരും അവർ ചോദിക്കുന്ന പണം നൽകും. എന്നാൽ, ഒരു തവണകൊണ്ട് തട്ടിപ്പുകാർ പിന്മാറില്ല. ഭയന്നെന്നു കരുതുന്നവരിൽനിന്നു പരമാവധി പണം ഊറ്റിയെടുക്കാൻ ഇവർ ശ്രമിക്കും. പലരും മാനക്കേട് ഭയന്നു പരാതിപ്പെടാത്തതും തട്ടിപ്പുകാർക്കു വളമാണ്.
സ്ക്രീൻ ഷെയർ
സ്ക്രീന്‍ ഷെയര്‍ (സ്ക്രീന്‍ പങ്കുവയ്ക്കല്‍) ആപ്ലിക്കേഷനിലൂടെ പണം നഷ്ടപ്പെടുന്ന പരാതികളും ഉയരുന്നുണ്ട്. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപയോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്ക്രീന്‍ ഷെയറിംഗ് മാര്‍ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പ് നടത്താൻ കഴിയും.
അശ്ലീല വീഡിയോ
അടുത്തിടെ തൃശൂര്‍ സ്വദേശിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. സൈബര്‍ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയ ആള്, യുവതി അശ്ലീല വീഡിയോ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയിക്കുന്നു. നിങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും കോള്‍ എത്തി.
കേസില്‍നിന്ന് ഒഴിവാക്കാനായി ലക്ഷങ്ങള്‍ നല്‍കണമെന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍, താന്‍ അശ്ലീല വീഡിയോ കാണുന്നില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ യുവതി ആ തട്ടിപ്പില്‍ കുടുങ്ങിയില്ല. അവര്‍ ഇക്കാര്യം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വിദേശ നന്പറിൽനിന്നായിരുന്നു കോൾ എന്നു കണ്ടെത്തി. കൊച്ചിയിലെ മറ്റൊരു വീട്ടമ്മ പരിചയക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിലൂടെയാണ് താന്‍ തട്ടിപ്പിന് ഇരയാവുകയാണെന്ന കാര്യം തിരിച്ചറിയുന്നതുതന്നെ.
സീമ മോഹന്‍ലാല്‍